കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ശസ്ത്രക്രിയകള്‍ മുടങ്ങി. ആറുകോടി രൂപ കുടിശികയായതോടെയാണ് ഓര്‍ത്തോ ഇംപ്ലാന്‍റുകളുടെ വിതരണം നിര്‍ത്തിയത്. ഇതോടെ കയ്യും കാലും പൊട്ടി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
ഇത് ചോളാരി സ്വദേശി കൃഷ്ണന്‍. ഇടുപ്പെല്ലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയത്. ശസ്ത്രക്രിയ തിയതി ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അഡ്മിറ്റായി. എന്നാല്‍ ഓര്‍ത്തോ ഇംപ്ലാന്‍റുകള്‍ ഇല്ലാതിനെ തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങി. ഇനി ശസ്ത്രക്രിയ എന്നുനടക്കുമെന്ന് കൃഷ്ണനും ഡോക്ടര്‍മാര്‍ക്കുമറിയില്ല
സ്വകാര്യാശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ വന്‍തുക ചെലവാകും. ഇത് പാവങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. രോഗികള്‍ക്ക് പ്ലാസ്റ്റര്‍ ഇടല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ശസ്ത്രക്രിയ എന്നുനടക്കുമെന്ന് അറിയാത്തതിനാല്‍ ഭൂരിഭാഗം രോഗികളും വീട്ടുകളിലേക്ക് മടങ്ങുകയാണ്
ആശുപത്രി വികസനസമിതിയുടെ മെഡിക്കല്‍ ഷോപ്പിലും സര്‍ജിക്കല്‍ സ്റ്റോറിലേക്കുമുള്ള വിതരണം ഏജന്‍സികള്‍ നിര്‍ത്തിയായതാണ് രോഗികളെ പ്രതിസന്ധിയിലാക്കുന്നത്. സര്‍ജറിക്ക് ഡോക്ടര്‍മാര്‍ എഴുതുന്നവയില്‍ 70 ശതമാനം സാധനങ്ങളും ആശുപത്രി വികസന സമിതിയുടെ സ്റ്റോറുകളില്‍ ലഭിക്കുന്നില്ല.