AI IMAGE
തനിക്ക് അശ്ലീല മെസേജ് അയച്ചെന്ന് തെറ്റിധരിച്ച് ഡോക്ടറുടെ കരണത്തടിച്ച യുവതിയെ പൊലീസ് പിടികൂടി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിനിയാണ് അറസ്റ്റിലായത്. അടി കഴിഞ്ഞ ശേഷമാണ് തനിക്ക് ആളുമാറിപ്പോയെന്ന് യുവതിക്ക് ബോധ്യമായത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ സർജറി ഒ.പിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് യുവതി ഡോക്ടറുടെ കരണത്തടിച്ചത്.
ഡോക്ടറാണെന്ന് തെറ്റിധരിപ്പിച്ച് യുവതിക്ക് അശ്ലീല സന്ദേശങ്ങളയച്ച പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മർദനമറ്റ ഡോക്ടർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ദൃശ്യങ്ങളും ഒ പി ചീട്ടും നോക്കിയാണ് അടിച്ച യുവതിയെ കണ്ടെത്തിയത്.
യുവതി പിതാവിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ഏപ്രിലിൽ മെഡി. കോളജ് ആശുപത്രിയിൽ വന്നിട്ടുണ്ട്. യുവതിയുടെ അച്ഛൻ കിടന്ന അതേ വാർഡിൽ ഒരു കൂട്ടുകാരന്റെ കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു.
യുവതിയെ നിരീക്ഷിച്ച നൗഷാദ്, തന്ത്രപൂർവം ഫോൺ നമ്പർ കൈക്കലാക്കി. ശേഷം മറ്റൊരു നമ്പറിൽ നിന്ന് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്ന് തെറ്റിധരിപ്പിച്ച് വാട്സാപ്പിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെട്ട ശേഷമാണ് അശ്ലീല മെസേജുകൾ അയക്കാൻ ആരംഭിച്ചത്. യുവതിയിൽ നിന്ന് നൗഷാദ് 49,000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.