ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ആകാശമിഠായി എന്ന പേരില്‍ ഉയരുന്ന സ്മാരകത്തിന്റ നിര്‍മാണ പുരോഗതി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. വിനോദസഞ്ചാരവകുപ്പിനാണ് നിര്‍മാണ ചുമതല.
സാഹിത്യപ്രേമികളുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്കാണ് അവസാനമാക്കുന്നത്. ബഷീറിന്‍റെ വൈലാലിലെ വീട്ടില്‍ നിന്ന് അല്പം മാറിയാണ് സ്മാരകം .കോര്‍പറേഷന്‍ ഇതിനായി സ്ഥലം വിട്ട് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ടൂറിസം ലിറ്റററി സര്‍ക്യൂട്ടിന്‍റെ ആസ്ഥാനവും ബഷീര്‍ സ്മാരകമാകും
ഇവിടുത്തെ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചു നീക്കിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്മാരകത്തിനൊപ്പം ആംഫി തിയറ്റര്‍, സ്റ്റേജ്, ലൈബ്രറി എന്നിവയും നിര്‍മിക്കും. അടുത്ത ഘട്ടത്തില്‍ എഴുത്തുപുര വാക്ക് വേ, കമ്മ്യൂണിറ്റി ഹാള്‍ എന്നിവയും പൂര്‍ത്തിയാവും.
ഏഴു കോടിയോളം രൂപ ചെലവിട്ട് 4000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്മാരകം നിര്‍മിക്കുന്നത്. നിര്‍മാണം പരാമവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.