പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണത്തിനു ഒരു മതിൽ തന്നെ തീർത്തു.. ബഷീർ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തി 'വര കൊണ്ടൊരു കോട്ടമതിൽ. പാത്തുമ്മയും ആടും തൊട്ട് റിക്ഷാക്കാരൻ പൈലിയും നളിനിയും താരയുമൊക്കെ നിറഞ്ഞതാണ് മതിൽ. 15 അടിയോളം ഉയരവും, 24 അടിയോളം വീതിയുമുള്ള മതിലിൽ നൂറുചിത്രങ്ങളാണ് വിദ്യാർത്ഥികൾ വരച്ചു ജീവൻവെപ്പിച്ചു പതിച്ചു വെച്ചത്.
വിദ്യാരംഗം കലാസാഹിത്യ വേദിയും വരപ്പട ആർട്സ്ക്ലബ്ബുമാണ് ഉദ്യമത്തിന് പിന്നിൽ. ക്ലബ്ബിലെ എഴുപത്തഞ്ചോളം വരുന്ന കൊച്ചു കലാകാരന്മാരുടെ ദൃശ്യ വിരുന്നിനു വലിയ കയ്യടികൾ നേടാനായി.
പി.ടി.എ പ്രസിഡന്റ് എ. മുരളീധരൻ കോട്ട ഉദ്ഘാടനം ചെയ്തു. അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് വലിയ പിന്തുണ നൽകിയതോടെ അടുത്ത വർഷം ഇതിലും വലിയൊരു കോട്ട നിർമ്മിക്കാനാണ് കുട്ടികളുടെ പദ്ധതി.