ഭാഷാവൈവിധ്യത്തിന്റ സംഗമവേദിയായ കാസർകോട് ബഹുഭാഷാ ഗവേഷണ അക്കാദമി സ്ഥാപിക്കണമെന്ന ആവശ്യവുമായി മനോരമ സെമിനാര്‍. കോഴിക്കോടിന് സാഹിത്യനഗര പദവി ലഭിച്ചതുപോലെ കാസർകോടിന് ബഹുഭാഷാ നഗരം പദവി കിട്ടാന്‍ പ്രയത്നിക്കണമെന്നും മലയാള മനോരമ ഹോര്‍ത്തൂസിന്റ ഭാഗമായി പെരിയയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആവശ്യമുയര്‍ന്നു.
കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിലായിരുന്നു ബഹുഭാഷകളുടെ ഉത്തര മലബാർ സൗന്ദര്യം എന്ന വിഷയത്തിലെ ചര്‍ച്ചകള്‍. ഒന്നിച്ചിരിക്കാം, പല ഭാഷകൾ പറയാം' എന്ന ആശയത്തെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ച കാസർകോടിന്റെ ഭാഷാ വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ഇതിലാണ് ബഹുഭാഷ ഗവേഷണ അക്കാദമി സ്ഥാപിക്കണമെന്നും ബഹുഭാഷ നഗര പദവി നേടിയെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത്. കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി. അൽഗൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരു 'ബഹുഭാഷാ കേന്ദ്രം' സ്ഥാപിക്കാന്‍ കേരള സര്‍ക്കാരിനോട് ശക്തമായി ശുപാര്‍ശ ചെയ്യണമെന്നും, അതിന് സർവകലാശാലയുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തുളു, കന്നഡ, ബ്യാരി, ഉറുദു, കൊങ്ങിണി, മാവിലാൻ, മലവേട്ടുവ, കരാഡ, മറാത്തി ഭാഷകളെ പ്രതിനിധീകരിച്ച് പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു. ഓരോ ഭാഷയിലെയും സവിശേഷ പ്രയോഗങ്ങളും മറ്റ് ഭാഷകളുമായുള്ള സ്വാധീനങ്ങളും ചർച്ചയായി. ഓപ്പൺ ഫോറത്തിൽ വിദ്യാർഥികളടക്കമുള്ളവര്‍ പങ്കെടുത്തു. മലയാള മനോരമ കണ്ണൂർ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മോഡറേറ്ററായി. ഡിസംബർ മൂന്ന് മുതൽ ആറ് വരെ കൊച്ചിയിലാണ് മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് രാജ്യാന്തര കലാ-സാഹിത്യ-സാംസ്കാരികോത്സവം.