theyyam-kasrgode

TOPICS COVERED

കൃഷിയിറക്കാൻ തെയ്യത്തിന്റെ വരവിനായി കാത്തിരിക്കുന്നൊരു ഗ്രാമം. തെയ്യം വയലിൽ വിത്തെറിഞ്ഞാൽ മാത്രമേ ഇവിടെ കൃഷി തുടങ്ങൂ. കാസർകോട് തിമിരിയിലെ വലിയവളപ്പിൽ ചാമുണ്ഡിയുടെ വിത്തിടൽ ചടങ്ങ് വിശ്വാസത്തിന്റെയും കാർഷിക പാരമ്പര്യത്തിന്റെയും സംഗമമാണ്.

ചെണ്ടയുടെയും വാല്യക്കാരുടെയും കൈവിളക്കിന്റെയും അകമ്പടിയോടെ വലിയവളപ്പിൽ ചാമുണ്ഡി തെയ്യം വയലിലെത്തി. വിത്തും മഞ്ഞൾക്കുറിയും എറിഞ്ഞ് വയലിൽ നൃത്തം ചവിട്ടി. തുലാം ഒന്നിന് വലിയവളപ്പിൽ ചാമുണ്ഡി വിത്തിട്ട ശേഷമാണ് തിമിരിയിലെ കർഷകർ കൃഷിയിറങ്ങുക. കർഷകരുടെയും കന്നുകാലികളുടെയും സംരക്ഷണച്ചുമതല വലിയവളപ്പിൽ ചാമുണ്ഡിക്കാണെന്നാണ് വിശ്വാസം. നാട് ഭരിച്ച തമ്പുരാൻ കൃഷി ഏൽപ്പിച്ചപ്പോൾ വിത്തിടാനുള്ള അധികാരം തെയ്യത്തിന് നൽകിയെന്നും ഐതിഹ്യം.

പുലയ സമുദായത്തിൽപ്പെട്ടവരാണ് തെയ്യം കെട്ടിയാടുന്നത്. വയലിലെ ചടങ്ങിനുശേഷം ദേശസഞ്ചാരം നടത്തുന്ന തെയ്യം വീടുകളിലുമെത്തും. കുഞ്ഞുങ്ങൾക്കും കന്നുകാലികൾക്കും ആയുരാരോഗ്യം നേർന്ന് എത്തുന്ന തെയ്യത്തെ നിറവിളക്ക് വെച്ച് സ്വീകരിക്കും. നെല്ലും പണവും കാണിക്കയായി സമർപ്പിക്കും.

ENGLISH SUMMARY:

Malayala Manorama Online News covers the unique agricultural ritual in Thimiri, Kasaragod, where the Valiyavalappil Chamundi Theyyam initiates the farming season by sowing seeds in the paddy fields. This ancient tradition blends deep-rooted faith with local farming heritage, highlighting the cultural significance of Theyyam in Kerala's agrarian society.