തെയ്യക്കാലമെത്തുകയാണ്... തുലാം പത്തിന് വീണ്ടും കാവുകൾ ഉണരുമ്പോൾ അരങ്ങിന് പിന്നില് ആചാരപ്പെരുമയുടെ വര്ണച്ചമയങ്ങള് കൂടി ഒരുങ്ങാന് തുടങ്ങി. പ്രശസ്ത തെയ്യം കോലധാരി പത്മശ്രീ നാരായണ പെരുവണ്ണാന് വിസ്മയക്കാഴ്ചകള്ക്കായി അണിയലങ്ങള് തുന്നുകയാണ്.
തുലാം ഒന്നിന് ഉത്തര മലബാറിന്റെ കാവുകളില് തെയ്യമാടാന് ഒരുങ്ങും. പത്താം നാള് കാവുണരാന് തെയ്യപ്രേമികള് കാത്തിരിപ്പാണ്. മെയ്യില് തീ പടരുന്ന, മുഖത്ത് വര്ണങ്ങള് വിരിയുന്ന നാളുകള്. ഉത്തരമലബാറിന്റെ മണ്ണിൽ വിശ്വാസവും വീര്യവും കലയും ഒത്തുചേരുന്നതാണ് തെയ്യക്കാലം.
തെയ്യം കോലധാരികളിലെ ഏക പത്മശ്രീ ജേതാവ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ നാരായണ പെരുവണ്ണാന്. തെയ്യ വിസ്മയങ്ങള്ക്ക് നിറവും രുചിയും പകരാന് നാരായണ പെരുവണ്ണാന് കര്മനിരതനാണ്. അർപ്പണവും സൂക്ഷ്മതയും ഒപ്പം കലയും ചേരുമ്പോഴേ അണിയലങ്ങള്ക്ക് പൂര്ണതയാവൂ. വര്ഷങ്ങളുടെ അനുഭവസമ്പത്തും പാരമ്പര്യവും കൈമുതലാക്കി ഓരോ ചമയവും സൂക്ഷ്മതയോടെ രൂപപ്പെടുത്തുകയാണ് നാരായണ പെരുവണ്ണാന്.
വലിയമുടി, വട്ടമുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി... അങ്ങനെ ഓരോന്നും ഓരോ തെയ്യക്കാലത്തും പുതുതായി നിര്മിക്കും. ഓരോ തെയ്യക്കോലത്തിനും അതിന്റേതായ ചമയങ്ങളുണ്ട്. രൂപത്തിലും ആകൃതിയിലും ഓരോന്നും വ്യത്യസ്തതം. മുരിക്ക്, കുമിഴ്, പാല തുടങ്ങിയ ഭാരം കുറഞ്ഞ മരങ്ങളാണ് അണിയലങ്ങളായി മാറുന്നത്. തകിട് പതിച്ച് മനോഹരമാക്കുന്ന ഇവയ്ക്കൊപ്പം കഴുത്തുകെട്ട്, ചെണ്ടയരിക്കെട്ട്, കൊടുവട്ടം, വള, കൊമ്പോലക്കാത്, തുടങ്ങിയ ആഭരണങ്ങളുമുണ്ട്.
നാലാം വയസില് ആടിവേടന് കെട്ടിത്തുടങ്ങിയ നാരായണ പെരുവണ്ണാന് തുടര്ച്ചയായി 50 വര്ഷം ബാലി തെയ്യം കെട്ടിയ കലാകാരനാണ്. മുച്ചിലോട്ട് ഭഗവതി, കതിവന്നൂർ വീരൻ തുടങ്ങി നിരവധി തെയ്യക്കോലങ്ങളും ഇക്കാലത്തിനുള്ളില് കെട്ടിയാടി. ഇന്ന് അണിയലങ്ങള് ഒരുക്കി തെയ്യത്തിനൊപ്പം യാത്ര തുടരുന്നു.