വീട്ടുമുറ്റത്തെ വാഴക്കൂമ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളം ഒരുക്കിയാലോ? വാഴപ്പഴം മാത്രമല്ല, വാഴപ്പൂവും ഓണത്തിന്‍റെ നിറക്കൂട്ടാകുമെന്ന് കാണിച്ചുതരികയാണ് കാസർകോട് നീലേശ്വരത്തെ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ പി.വി.ദിവാകരൻ.
ഓണം കാർഷിക സമൃദ്ധിയുടെ ആഘോഷം കൂടിയാണ്. അതിനാൽ ഓണത്തിന് പൂക്കളം ഒരുക്കാൻ പൂക്കൾ വാങ്ങുന്നതിന് പകരം, വീട്ടുവളപ്പിൽ തന്നെ ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിക്കണമെന്നാണ് പി.വി. ദിവാകരന്‍റെ സന്ദേശം. ഇതുൾക്കൊണ്ടാണ് വാഴക്കൂമ്പിനുള്ളിലെ പൂക്കൾകൊണ്ട് ദിവാകരൻ അത്തപൂക്കളം നിർമിച്ചത്. നാലഞ്ച് വാഴക്കന്നുകൾ നേരത്തെ നട്ടുപിടിപ്പിച്ചാൽ, ഓണക്കാലത്ത് സദ്യയ്ക്ക് ആവശ്യമായ വാഴപ്പഴവും, പൂക്കളമൊരുക്കാൻ വാഴപ്പൂവും ലഭിക്കുമെന്ന് ദിവാകരൻ പറയുന്നു.
ഇതാദ്യമായല്ല ദിവാകരൻ ഇത്തരത്തിൽ വ്യത്യസ്തമായ പൂക്കളമൊരുക്കുന്നത്. ധാന്യങ്ങൾ മുളപ്പിച്ചും, കണ്ടൽച്ചെടികൾ ഉപയോഗിച്ചും, മുൻപ് പൂക്കളം ഒരുക്കിയിട്ടുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ ലഭിക്കുന്ന വാഴപ്പൂകൊണ്ട് പൂക്കളം ഒരുക്കിയ മാതൃക ഇതിനോടകം തന്നെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.