കാസർകോട് തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് ലേലത്തിന് എടുക്കാൻ ആളില്ല. മൂന്നുതവണ പരസ്യ ലേലം നടത്തിയിട്ടും ആരും ഏറ്റെടുക്കാതായതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി. പഞ്ചായത്ത് നിശ്ചയിച്ച ഉയർന്ന ലേലത്തുക കുറയ്ക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കോടികൾ ചെലവഴിച്ച് നിർമ്മിച്ചതാണ് മത്സ്യ മാർക്കറ്റ്. നിർമാണം പൂർത്തിയാവുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക്. പക്ഷേ മത്സ്യം മാർക്കറ്റിനായുള്ള പരസ്യലേലം മൂന്നാം തവണയും അവസാനിച്ചതോടെ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കഴിഞ്ഞവർഷത്തേക്കാൾ അഞ്ച് ശതമാനം ലേലത്തുക വർദ്ധിപ്പിച്ച് 9,56,000 രൂപയായിരുന്നു അടിസ്ഥാന തുകയായി നിശ്ചയിച്ചത്. ലേലത്തിനൊടുവിൽ അധിക തുക ഒഴിവാക്കി നൽകിയിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല.
അടിസ്ഥാന തുക രണ്ട് ലക്ഷമായി കുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കച്ചവടക്കാർ മടക്കര ഹാർബറിൽ നേരിട്ടെത്തി മീൻ വാങ്ങുന്നതും സമീപപ്രദേശങ്ങളിലായി പുതിയ മത്സ്യ ചന്തകൾ ആരംഭിച്ചതും തൃക്കരിപ്പൂരിലെ മത്സ്യ മാർക്കറ്റിന് ക്ഷീണമുണ്ടാക്കി. ഇതാണ് 9 ലക്ഷം രൂപയ്ക്ക് ലേലം വിളിക്കുന്നതിൽ നിന്ന് ആളുകൾ പിന്മാറാൻ കാരണം.