പൊലീസ് മർദനത്തിൽ പരുക്കേറ്റ അഭിഭാഷകന് ഒടുവിൽ 22 വർഷങ്ങൾക്ക് ശേഷം നീതി. തെളിവുകളില്ലെന്ന് പറഞ്ഞു കീഴ്ക്കോടതി തള്ളിയ കേസിലാണ് മേൽക്കോടതി 1.32 ലക്ഷം നഷ്ടപരിഹാരം വിധിച്ചത്. തുക നീതി നിഷേധിക്കപ്പെട്ടവർക്കായി ഉപയോഗിക്കുമെന്ന് നഷ്ട പരിഹാരം ലഭിച്ച ചങ്ങനാശേരിയിലെ അഭിഭാഷകനായ റോയ് തോമസ് വ്യക്തമാക്കി.
സിസിടിവികളോ മൊബൈൽ ക്യാമറകളോ അധികം ഇല്ലാതിരുന്ന 2004 ൽ ആണ് ചങ്ങനാശേരി ബാർ അസോസിയേഷനിലെ അഭിഭാഷകനായ റോയ് തോമസിന് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേൽക്കുന്നത്. ആരാധനാലയവുമായി ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പാക്കാനാണു റോയ് ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെ തുടർന്ന് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ റോയിയേ എസ് ഐ ശ്രീകുമാറിന്റെ നിർദേശപ്രകാരം പോലീസുകാർ റോഡിൽ നിന്ന് വലിച്ചിഴച്ചു സ്റ്റേഷനിൽ എത്തിച്ചു മർദിക്കുകയായിരുന്നു. സംഭവത്തിൽ സാക്ഷി മൊഴികൾ ഉൾപ്പെടെ ഉണ്ടായിരുന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറായില്ല. തന്നെ അകാരണമായി നടു റോഡിലിട്ട് മർദ്ദിച്ച എസ് ഐ സ്ഥാനകയറ്റം ലഭിച് dysp വരെയായി. കോൺസ്ട്രബിൾ മാരായിരുന്ന പോലീസുകാർ ASI വരെയായി. പക്ഷേ റോയ് തോമസ് വിട്ടു കൊടുക്കാൻ തയ്യാറായില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി തള്ളിയ കേസിൽ മേൽക്കോടതി പലിശ ഉൾപ്പെടെ 1.32 ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിച്ചു. നീതി നിഷേധിക്കുന്നുവെന്ന് തോന്നിയിടത്തു റോയ് വാശിയിൽ നേടിയ വിജയമാണിത്.
റോയിയെ മർദിച്ച എസ് ഐയും പിന്നീട് dysp യും ആയിരുന്ന ശ്രീകുമാർ മരിച്ചു. മറ്റ് മൂന്ന് ഉദ്യോഗസ്ഥരായ ബിജു, ജമാൽ, ശ്രീകുമാർ എന്നിവർക്കെതിരെയായിരുന്നു പിന്നീട് നിയമ പോരാട്ടം.