house-cave
  • ഭൂമിക്കടിയിൽ ഏകദേശം 72 മീറ്റർ നീളത്തിൽ പൈപ്പ് രൂപത്തിലുള്ള ഭാഗവും ചിലയിടങ്ങളിൽ ഏഴ് മീറ്ററോളം വീതിയും കണ്ടെത്തി

കാസർകോട് ഒറ്റമാവുങ്കാലിൽ വീടിനടിയിൽ ഗുഹ കണ്ടെത്തിയ സംഭവത്തിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം പരിശോധന നടത്തി. ജിപിആർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഭൂമിക്കടിയിൽ 72 മീറ്ററോളം നീളമുള്ള പൈപ്പ് രൂപത്തിലുള്ള ഭാഗം കണ്ടെത്തി. ഭൂഗർഭ നീരൊഴുക്ക് ഇപ്പോഴും സജീവമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ഏഴംഗ സംഘമാണ് ഒറ്റമാവുങ്കൽ  സ്വദേശി സദന്റെ വീട്ടിലെത്തിയത്. സബ്ജക്റ്റ് ഏരിയ എക്സ്പെർട്ട് ജി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് വീടിനടിയിലും പരിസരത്തും വിവിധ ദിശകളിൽ സ്കാനിങ് നടത്തി. ലഭിച്ച വിവരങ്ങൾ കമ്പ്യൂട്ടർ വഴി വിശദമായി വിശകലനം ചെയ്യും. ഭൂമിക്കടിയിൽ ഏകദേശം 72 മീറ്റർ നീളത്തിൽ പൈപ്പ് രൂപത്തിലുള്ള ഭാഗവും ചിലയിടങ്ങളിൽ ഏഴ് മീറ്ററോളം വീതിയും കണ്ടെത്തിയിട്ടുണ്ട്. റോഡിനടിയിലൂടെ കടന്നുപോകുന്ന ഭൂഗർഭ പാത 200 മീറ്റർ അകലെയുള്ള കുളത്തിലേക്ക് വെള്ളം എത്തിക്കുന്നതായാണ് പ്രാഥമിക കണ്ടെത്തൽ.

മഴ മാറിയ ശേഷം ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി സർവേയും നടത്തും. അന്തിമ നിഗമനത്തിലെത്തുന്നതുവരെ വീട്ടിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും  സംഘം നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പഠന റിപ്പോർട്ട് ജില്ലാ കളക്ടർക്കും ദുരന്തനിവാരണ അതോറിറ്റിക്കും സമർപ്പിക്കും. വീട് വാസയോഗ്യം അല്ലാതായതോടെ സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.

ENGLISH SUMMARY:

An underground cave discovery in Kasaragod, Kerala, has been investigated by the National Centre for Earth Science Studies using Ground Penetrating Radar. The preliminary findings indicate a 72-meter-long pipe-like structure and active subterranean water flow.