pulimuttu

TOPICS COVERED

മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാവുകയാണ് ചെറുവത്തൂർ മത്സ്യബന്ധന തുറമുഖത്തോട് ചേർന്നുള്ള തകർന്ന പുലിമുട്ട്. പുലിമുട്ടിന്‍റെ അറ്റകുറ്റപ്പണി വൈകുന്നതും വൻതോതിൽ മണൽ അടിഞ്ഞുകൂടുന്നതുമാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.

അഴിമുഖത്തെ അമ്പത് മീറ്റർ പുലിമുട്ട്  തകർന്ന് കല്ലുകൾ കടലെടുത്ത നിലയിലാണ് . പുലിമുട്ടിന്‍റെ നിർമ്മാണം പൂർത്തിയായ സമയത്ത് മത്സ്യബന്ധന യാനങ്ങൾ സുഗമമായി കടന്നു പോയിരുന്നു. കല്ലുകൾ ഒന്നൊന്നായി കടലെടുത്തതോടെ അപകടസാധ്യതയേറി. ഇപ്പോൾ ബോട്ടുകളിൽ ഈ വഴി സഞ്ചരിക്കുക പോലും കഠിനം. 

പുലിമുട്ടിന്‍റെ തകർന്ന ഭാഗത്തെ കല്ലുകളിൽ തട്ടി നിരവധി യാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അഴിമുഖത്തെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും പുലിമുട്ടിൽ പുതിയ കല്ലുകൾ നിക്ഷേപിച്ച് നീളം കൂട്ടണമെന്നുമാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.

മടക്കര മത്സ്യബന്ധന തുറമുഖം കേന്ദ്രമാക്കി നൂറുകണക്കിന് ബോട്ടുകളും വള്ളങ്ങളുമാണ് ദിവസേന കടലിലേക്ക് പോകുന്നത്. അഴിമുഖത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹാർബർ എൻജിനീയറിങ് വകുപ്പ് സമഗ്രമായ വികസന പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ പിന്നീട് ഇതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ENGLISH SUMMARY:

Cheruvathur fishing harbor faces a critical safety issue due to a damaged breakwater, posing a significant threat to fishermen's lives. Urgent repairs and dredging are required to mitigate the risks and ensure safe passage for fishing vessels.