ഭൂരഹിതര്‍ക്കും ഭവന രഹിതരായവര്‍ക്കും സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയം പൂര്‍ത്തിയാകാതെ നശിച്ചു തുടങ്ങി. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ 44 കുടുംബങ്ങള്‍ക്കായി 7 കൊല്ലം മുൻപ് നിർമാണം തുടങ്ങിയ കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. കരാറിനെ ചൊല്ലിയുള്ള ഭിന്നതയാണ് നിമാണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണമെന്നാണ് സൂചന.
ആറര കോടി രൂപ ചിലവില്‍ നാല് നിലകളിലായി നിര്‍മിച്ച കെട്ടിടം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തായിരുന്നു നിര്‍മാണ ഉദ്ഘാടനം. ഇന്നിപ്പോള്‍ റണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നു. 44 കുടുംബങ്ങളുടെ വീടെന്ന ആഗ്രഹമാണ് സ്വപ്നമായി അവശേഷിക്കുന്നത്.
പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പണി മുടങ്ങിയതോടെ ഇരുമ്പു ഭാഗങ്ങള്‍ തുരുമ്പെടുത്ത് തുടങ്ങി. കാരാറുകാരന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് നിര്‍മാണം മുടങ്ങാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പണി എപ്പോള്‍ പുനരാംരംഭിക്കുമെന്നോ, എന്ന് പൂര്‍ത്തിയാകുമെന്നോ ആര്‍ക്കും ഒരു വ്യക്തതയുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയാണ് കെടുകാര്യസ്ഥത മൂലം കാടുകയറി നശിക്കുന്നത്.