കാസർകോട് ജില്ലയിൽ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ആവേ മരിയ ജോബ് കൺസൾട്ടൻസിക്കെതിരെയാണ് പരാതി. പൊലീസിൽ പരാതികൾ ലഭിച്ചതോടെ സ്ഥാപനം പൂട്ടി ഉടമകൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ഡ്രൈവർ, അക്കൗണ്ടന്റ്, മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയതെന്നാണ് ആരോപണം.
ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ നൽകിയാൽ വിദേശ വിസയും ജോലിയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം പലരും തിരിച്ചറിഞ്ഞത്. രാജപുരം പൊലീസ് സ്റ്റേഷനിൽ മാത്രം നാല് പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പൊലീസ് സ്ഥാപനത്തിലെത്തുമ്പോഴേക്കും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തട്ടിപ്പിന് പിന്നിൽ സ്ഥാപന ഉടമകളായ സാജൻ ഫിലിപ്പും ഭാര്യ ഷൈബിയും ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.