കാസർകോട് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്തിനായി പാർട്ടിക്കുള്ളിൽ വടംവലി. ജില്ലാ പ്രസിഡൻറ് എംഎൽ അശ്വിനിയുടെ പേരാണ് പല ഘട്ടങ്ങളിൽ ഉയർന്നു വന്നത്. എന്നാൽ മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ സംസ്ഥാന നേതാക്കൾ മത്സരിക്കണമെന്ന് വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.
കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്ന മഞ്ചേശ്വരം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാം എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 855 വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷറഫ് ബിജെപിയുടെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2016ൽ വെറും 89 വോട്ടിലാണ് സുരേന്ദ്രൻ പൊരുതിവീണത്.
ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ തുടക്കം മുതൽ ജില്ലാ അധ്യക്ഷ എംഎൽ അശ്വനിയുടെ പേരാണ് ഉയർന്നു വന്നിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കണം എന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം.
സംസ്ഥാന നേതാക്കൾ മഞ്ചേശ്വരത്ത് മത്സരത്തിന് ഇറങ്ങിയാൽ അശ്വനി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചേക്കും. ബിജെപിയുടെ സംസ്ഥാന നേതാക്കൾ മഞ്ചേശ്വരത്ത് എത്തിയാൽ മത്സരം കടുക്കുമെന്നുറപ്പാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിയായി ഇത്തവണയും എ.കെ.എം അഷറഫ് തന്നെയാകും മത്സരിക്കുക. ഷിരൂർ ദുരന്തത്തിലും, കുമ്പള ടോൾ പ്ലാസ വിഷയവും സജീവമായി ഇടപെട്ടത് അഷറഫിന് ജനപിന്തുണ വർധിക്കാൻ കാരണമായിട്ടുണ്ട്.