കാസർകോട് ചെറുവത്തൂർ ദിനേശ് ബീഡി ബ്രാഞ്ചിന് മുന്നിൽ പതിറ്റാണ്ടുകളായി സംരക്ഷിച്ചു നിർത്തുന്ന ഒരു കരിമരമുണ്ട്. തെണ്ട് മരം എന്ന് വിളിക്കുന്ന ഈ മരത്തിന്‍റെ ഇലകളാണ് ബീഡി തെറുപ്പിന് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് വിത്ത് എത്തിച്ചാണ് ദിനേശ് ബീഡിയുടെ ആദ്യകാല പ്രവർത്തകർ മരം നട്ടുവളർത്തിയത്.
നാലര പതിറ്റാണ്ട് മുമ്പ് ദിനേശ് ബീഡിയുടെ പ്രതാപകാലത്ത് ഉത്തരേന്ത്യയിൽ നിന്ന് ഇലക്കൊപ്പം എത്തിച്ചതാണ് തെണ്ട് മരത്തിന്‍റെ വിത്തുകൾ. ബീഡിയും പുകയില പൊതിയുവാനാണ് ഇല ഉപയോഗിക്കുന്നത്. നിറയെ ഇലകളുമായി മരം വളർന്ന് വലുതായെങ്കിലും ബീഡി നിർമ്മാണത്തിൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിച്ചില്ല. ഇലയുടെ സംസ്കരണ രീതി കൃത്യമായി അറിയാത്തതാണ് കാരണം.
ആന്ധ്ര, മഹാരാഷ്ട്ര, ഒഡീഷ, ത്സാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കാടുകളിലാണ് തെണ്ട് മരം ധാരാളമായി ഉള്ളത്. ഛത്തീസ് ഗഡിൽ ഇത് കൃഷി ചെയ്യുന്നുമുണ്ട്. അവിടെങ്ങളിൽ നിന്നും പറിച്ചെടുത്ത് ഉണക്കി സൂക്ഷിക്കുന്ന ഇലകൾ ലക്ഷങ്ങൾ ചെലവഴിച്ചാണ് ബീഡി കമ്പനികളിലേക്ക് എത്തിക്കുന്നത്. ബീഡി ഇലകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ചെറുവത്തൂരിലെ മരത്തിൽനിന്ന് ഇല ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ.