TAGS

സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനായി കാസർകോട് മഞ്ചേശ്വരത്ത് നടപ്പിലാക്കിയ കൃത്രിമ പാരു പദ്ധതി വിജയത്തിലേക്ക്. ഫിഷറീസ് വകുപ്പ് കടലിൽ നിക്ഷേപിച്ച കോൺഗ്രീറ്റ് ബ്ലോക്കുകളാണ് മത്സ്യ ആവാസ വ്യവസ്ഥിതിയായി മാറിയത്. അടുത്തിടെയായി മത്സ്യ ലഭ്യത വർധിച്ചതായി മത്സ്യത്തൊഴിലാളികളും പറയുന്നു.

കടലിനടിയിൽ ഒരു പുതിയ മത്സ്യ കോളനിയാണ് കൃത്രിമ പാരൂ പദ്ധതിയിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. അയല, ചൂര, കൊഞ്ച്, ചെമ്മീനുകൾ എന്നിവയുടെ പ്രജനനത്തിനും ആഹാരസമ്പാദനത്തിനും ഈ പാരുകൾ സുരക്ഷിതമായ ഇടമാണ്. മഞ്ചേശ്വരം ഷിറിയ തീരങ്ങളിലാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. 150 കോൺക്രീറ്റ് ബ്ലോക്കുകളാണ് ഇതിനായി കടലിൽ നിക്ഷേപിച്ചത്. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള പ്രദേശത്താണ് വ്യത്യസ്ത ആകൃതിയിലുള്ള ബ്ലോക്കുകൾ നിക്ഷേപിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സമുദ്ര ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഈ കൃത്രിമ പാരുകൾ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഫിഷറീസ് വകുപ്പ്.

പ്രധാൻമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായി ഏഴരക്കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം നശിച്ചുപോകുന്ന പ്രകൃതിദത്ത പവിഴപ്പുറ്റുകൾക്ക് പകരമായാണ് ഈ മനുഷ്യനിർമിത സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

Artificial reef project Kasaragod has been successfully implemented to boost marine fish stocks. This initiative by the Fishery Department has created new habitats for marine life, leading to increased fish availability for local fishermen.