കാസർകോട് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി ഫ്ലാറ്റിൽ നിന്നുള്ള മലിനജലം. ശുചിമുറിയിൽ നിന്ന് ഉൾപ്പെടെയുള്ള മലിനജലമാണ് സ്റ്റേഷൻ പരിസരത്തേക്ക് ഒഴുകുന്നത്. പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പ് ഇടപെടാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നാണ് മലിനജലം ഒഴുകുന്നത്. ബസ്റ്റാന്റിനോട് ചേർന്നുള്ള കെട്ടിടത്തിലെ ശുചിമുറിയിൽ നിന്ന് ഉൾപ്പെടെയുള്ള ജലം യാത്രക്കാരെ ദുരിതത്തിൽ ആക്കുകയാണ്. ദുർഗന്ധം വഹിച്ചതോടെ സ്റ്റേഷന് സമീപത്തു കൂടി വഴി നടക്കാനാവാത്ത അവസ്ഥ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ മൂക്കും പൊത്തിയാണ് റോഡിലൂടെ കടന്നുപോകുന്നത്.
ഏറെനാളായി അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. മലിനജലം ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയിൽ നാട്ടുകാർ കഴിയുമ്പോൾ ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കുന്നില്ല. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.