കാസർകോട് ഒന്നര ഏക്കർ വയലില്‍ നെൽകൃഷിയുമായി നിനവ് പുരുഷ സ്വയംസഹായ സംഘം. പിലിക്കോട് കണ്ണങ്കൈ പാടശേഖരത്തിലെ ഒരേക്കർ വയലിലാണ് സംഘം നെൽകൃഷി ഇറക്കിയത്. ഇത് മൂന്നാം വർഷമാണ് സംഘം, തരിശു വയലുകൾ കൃഷിയോഗ്യമാക്കുന്നത്.
പഞ്ചായത്തിലെ പരമാവധി തരിശു വയലുകൾ കണ്ടെത്തി കൃഷിയോഗ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ അഞ്ചു വർഷം മുമ്പാണ് സംഘം രൂപീകരിച്ചത്. തുടർന്ന് തുടർച്ചയായ മൂന്ന് വർഷങ്ങളിൽ മികച്ച രീതിയിൽ നെൽകൃഷി ചെയ്തു. പിലിക്കോട് പഞ്ചായത്തിന്റെ നെല്ലറകളിൽ ഒന്നായ കണ്ണങ്കൈ പാടശേഖരത്തിലെ ഒരേക്കർ വയലിലാണ് ഇത്തവണ നിനവിന്റെ പ്രവർത്തകർ നെൽകൃഷി ചെയ്തത്. വിളവിൽ നിന്നുള്ള ഒരു പങ്ക് കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക.
ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരും ഇത്തവണത്തെ നടീൽ പ്രവർത്തികളിൽ പങ്കാളികളായി. മുതിർന്ന കർഷകരുടെ നിർദ്ദേശാനുസരണം അമ്പതോളം വിദ്യാർത്ഥികളാണ് ഞാറ്റാടികളുമായി ചെളിയിലിറങ്ങിയത്. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ശ്യാമ ടീച്ചർ നാടൻ പാട്ടുമായി കുട്ടികൾക്ക് ആവേശം പകർന്നു. ഗ്രാമ പഞ്ചായത്ത് അംഗം വി ലീന നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.