കാസർകോട് സംഗീത പരിപാടിക്കിടയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്ക്. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഹനാൻ ഷായുടെ സംഗീത പരിപാടിക്ക് എത്തിയതാണ് അപകടത്തിന് കാരണമായത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പൊതു സമൂഹത്തിന് ആപത്ത് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച സംഘാടകർക്കെതിരെ കേസെടുത്തു.
ഇന്നലെ രാത്രി 9 മണിയോടെയാണ് കാസർകോട് ഫ്ലീ പരിപാടിക്കിടെ അപകടം ഉണ്ടാവുന്നത്. ഞായറാഴ്ച ദിവസം 100 രൂപ ടിക്കറ്റിൽ ഹനാൻ ഷായുടെ സംഗീത നിശ കാണാൻ നിരവധി പേരാണ് ഒഴുകിയെത്തിയത്. സംഘാടകർ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ആളുകൾ എത്തിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. എങ്കിലും ആളുകൾ തടിച്ചുകൂടി. ടിക്കറ്റ് എടുത്തിട്ടും വേദിയിലേക്ക് കയറാൻ കഴിയാതെ വന്നവർ തള്ളിക്കളറാൻ ശ്രമിച്ചു. ഇതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനിടെ ഹനാൻ ഷായുടെ പരിപാടി ആരംഭിച്ചു. വീണ്ടും ആളുകൾ കുഴഞ്ഞുവീണതോടെ പുറത്ത് എത്തിക്കാൻ പോലും ബുദ്ധിമുട്ടായി. ഇതോടെയാണ് ജില്ലാ പോലീസ് മേധാവി സ്റ്റേജിൽ എത്തി പരിപാടി അവസാനിപ്പിച്ചതായി അറിയിച്ചത്. പുറത്തിറങ്ങിയ ആളുകൾ പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ വന്നതോടെ വന്നതോടെ ലാത്തി വീശേണ്ടി വന്നു. ചിതറി ഓടിയ നിരവധി പേർക്കും പരുക്കേറ്റു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 12 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇവരുടെ നില തൃപ്തികരമാണ്. പിന്നാലെ പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസ് എടുത്തു. പോലീസിന്റെ ന്യായമായ മുന്നറിയിപ്പ് അവഗണിച്ച് പൊതുസമൂഹത്തിനും മനുഷ്യജീവനും ആപത്ത് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. അഞ്ച് സംഘാടകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസ്. പോലീസിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വൻ ദുരന്തത്തിനാകും കാസർകോട് സാക്ഷിയാകേണ്ടിയിരുന്നത്.