കാസർകോട് ദേശീയപാതയിൽ അപകടത്തിൽ പെട്ടയാൾ മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ആരോപിച്ച് പ്രതിഷേധം. കുമ്പള സഹകരണ ആശുപത്രിയിലാണ് പ്രതിഷേധം നടന്നത്. അപകടത്തിൽ പെട്ടയാൾ മദ്യപിച്ചിരുന്നതിനാൽ സമയനഷ്ടം ഉണ്ടായെന്നാണ് ആശുപത്രി വിശദീകരണം. ദേശീയപാതയിൽ ഇന്നലെ രാത്രി ദിശ തെറ്റിച്ചു വന്ന സ്കൂട്ടറാണ് അപകടം ഉണ്ടാക്കിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് പെർവാഡ് ദേശീയപാതയിൽ അപകടമുണ്ടായത്. പ്രധാന പാതയിൽ തെറ്റായ ദിശയിൽ വന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആരിക്കാടി സ്വദേശി ഹരീഷിന് ഗുരുതരമായി പരുക്കിരുന്നു. ചികിത്സയിലിരിക്കെ കുമ്പള സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഹരീഷ് മരിച്ചു. ഇതിന് പിന്നാലെയാണ് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കളും, ബിജെപി പ്രവർത്തകരും രംഗത്തെത്തിയത്. പുലർച്ചെ വരെ ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച ആശുപത്രി പെട്ടെന്നാണ് ഗുരുതരമെന്ന് അറിയിച്ചത്.
എന്നാൽ ആരോപണം പൂർണമായും നിഷേധിച്ച ആശുപത്രി, അപകടത്തിൽ പെട്ടയാൾ മദ്യപിച്ചിരുന്നതിനാൽ ചികിത്സ ദുഷ്കരമായിരുന്നുവെന്ന് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ചശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.