കാസർകോട് ദേശീയപാത നിർമ്മാണ മേഖലയിൽ പ്രതിഷേധം. നഷ്ടപരിഹാരം നൽകാതെ വീടിന്റെ മുൻഭാഗം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയതോടെ ആത്മഹത്യാ ഭീഷണിയുമായി യുവാവ് വീടിന് മുകളിൽ കയറി. നെല്ലിക്കുന്ന് എംഎൽഎ ഇടപെട്ട് നാളെ കലക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കും. അതുവരെ നിർമ്മാണ പ്രവർത്തി നടക്കില്ലെന്ന് മേഘ കമ്പനി അറിയിച്ചതോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.
കാസർകോട് തെക്കിൽ ദേശീയപാത നിർമ്മാണ കമ്പനി മേഘാ കൺസ്ട്രക്ഷൻ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. അബ്ദുൽ ബഷീർ എന്നയാളുടെ വീടിന് മുൻഭാഗമാണ് പൊളിച്ചു നീക്കാൻ ശ്രമമുണ്ടായത്.
നഷ്ടപരിഹാരം നൽകാതെ വീട് പൊളിക്കാൻ അനുവദിക്കില്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഉണ്ടെന്നും കാട്ടി വീട്ടുകാർ പ്രതിഷേധമുയർത്തി. സ്റ്റേ വേക്കന്റ് ആയെന്ന് അവകാശപ്പെടുന്ന നിർമ്മാണ കമ്പനി രേഖകൾ ഹാജരാക്കാതെ വന്നതോടെ ആത്മഹത്യാ ഭീഷണിയുമായി യുവാവ് വീടിന് മുകളിൽ കയറി.
ഗ്യാസ് സിലിണ്ടറും പെട്രോളുമായി നിലയുറപ്പിച്ച യുവാവിനെ അനുനയിപ്പിക്കാൻ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി. നഷ്ടപരിഹാരം നൽകാതെ ഒഴിയില്ല എന്ന നിലപാടിലായിരുന്നു കുടുംബം. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ ഇന്ന് വീട് പൊളിക്കില്ലെന്ന് നിർമ്മാണ കമ്പനി അറിയിച്ചു. നാളെ കലക്ടറുടെ ചേമ്പറിൽ യോഗം ചേർന്നശേഷം ആകും തീരുമാനം.
കളക്ടറുടെ ഉത്തരവ് പ്രകാരം കുടുംബത്തിന് ഒന്നരക്കോടിക്ക് മുകളിൽ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. എന്നാൽ 50 ലക്ഷം മാത്രമേ നൽകാനാകൂ എന്നാണ് നിർമ്മാണ കമ്പനിയുടെ നിലപാട്. ഇത് സംബന്ധിച്ച തർക്കം നടക്കുന്നതിനിടയാണ് ആധികാരിക രേഖകൾ ഇല്ലാതെ സ്റ്റേ നീങ്ങി എന്ന അവകാശവാദവുമായി കമ്പനി വീട് പൊളിക്കാൻ എത്തിയത്.