അടുത്തവർഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് രണ്ടേക്കറിൽ നിറകതിർ സമൃദ്ധി ഒരുക്കി കാസർകോട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. നാല് ദിവസത്തെ പെരുങ്കളിയാട്ടത്തിന് അന്നദാനം ഒരുക്കാനാണ് കൃഷി. ജൈവരീതിയിൽ ഉല്പാദിപ്പിച്ച നെല്ലും പച്ചക്കറികളുമായിരിക്കും പെരുംങ്കളിയാട്ടത്തിന് ക്ഷേത്രത്തിൽ വിളമ്പുക.
നാലുദിവസത്തെ പെരുങ്കളിയാട്ടത്തിന് അന്നദാനം ഒരുക്കാനും, ക്ഷേത്ര ചടങ്ങുകൾക്കുമായി വൻതോതിലാണ് ഭക്ഷ്യ വിഭവങ്ങൾ ആവശ്യമായി വരുന്നത്. ഇതിൽ പരമാവധി വിഭവങ്ങൾ ജനകീയമായി നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുവാനാണ് വിഭവസമാഹരണ കമ്മിറ്റിയുടെ തീരുമാനം. നാട്ടിലെ കർഷകത്തൊഴിലാളികളുടെ സഹകരണത്തോടെ മികച്ച രീതിയിലാണ് നെല്ലുൽപാദനം പൂർത്തിയാക്കിയത്. മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ സവിശേഷ പ്രസാദമായ കായക്കഞ്ഞിക്കുള്ള ഉണക്കലരിയാണ് ഇവിടെ വിളയിച്ചത്. 10 ക്വിന്റൽ വിളവാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രം വനിതാ കമ്മറ്റിയുടെയും മാതൃ സമിതിയുടെയും നേതൃത്വത്തിലാണ് കൃഷി പരിപാലനവും വിളവെടുപ്പും നടത്തിയത്. കൊയ്തൊഴിഞ്ഞ വയലിൽ ഇനി വെള്ളരി കൃഷി ആരംഭിക്കും. ഇതോടൊപ്പം ചീമേനി നെടുമ്പയിൽ രണ്ട് ഏക്കർ സ്ഥലത്ത് ചേനയും മഞ്ഞളും ഇഞ്ചിയും കൃഷിചെയ്യുന്നുണ്ട്. 130 ലേറെ വീടുകൾ കേന്ദ്രീകരിച്ചാണ് വാഴകൃഷി ചെയ്യുന്നത്.
ഇതോടെ 2026 ലെ പെരുങ്കളിയാട്ടത്തിന് വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കൾ എത്തിക്കാനാകും. മറ്റു ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണ് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാണിച്ചു തരുന്നത്.