കാസർകോട് പാമ്പ് വളർത്തൽ കേന്ദ്രമായി മഞ്ചേശ്വരം പഞ്ചായത്തിലെ റോഡുകൾ. പഞ്ചായത്ത് റോഡുകൾക്ക് ഇരുവശത്തും കാടുമുടിയോടെയാണ് ഇഴ ജന്തുക്കളുടെ താവളമായി മാറിയത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭയന്ന് വിറച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
മഞ്ചേശ്വരത്തെ പഞ്ചായത്ത് റോഡുകളാണ് നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഇഴജന്തുക്കളെ ഭയന്ന് വേണം പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളിലൂടെയും നടക്കാൻ. കാരണം റോഡ് അരികിലെ കുറ്റിക്കാട് നിറയെ ഇഴ ജന്തുക്കളാണ്. വഴിയാത്രക്കാർ പാമ്പിനെ കണ്ട് പേടിച്ചോടുന്നത് സ്ഥിരം സംഭവമാണ്. സ്കൂളിലേക്ക് കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന റോഡുകളാണ് ഇവ. പാമ്പിനെ ഭയന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും മടിയാണ്. അടിയന്തരമായി കാടുകൾ വെട്ടി തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട് തെളിക്കണം എന്ന് ആവശ്യവുമായി നിരവധി തവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷാ ഭീഷണിയാണ് റോഡ്. പഞ്ചായത്തിൻറെ അവഗണനയിൽ അസംതൃപ്തരാണ് നാട്ടുകാർ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇവയക്കെല്ലാം വോട്ടിലൂടെ മറുപടി നൽകുമെന്നാണ് നാട്ടുകാർ പറയുന്നത്.