യന്ത്രങ്ങൾ നാടുവാഴുന്ന കാലത്തും കയ്യും മഴുവും കൊണ്ട് വൻമരങ്ങളുടെ കാതൽ തേടുകയാണ് കാസർകോട് സ്വദേശി നാരായണൻ. 78 ാം വയസ്സിലാണ് 'മരം എറിക്കൽ' എന്ന തൊഴിൽ നാരായണൻ ചെയ്യുന്നത്. അപൂർവ്വം ആളുകളാണ് ഇന്ന് ഈ തൊഴിൽ രംഗത്ത് ഉള്ളത്. മരത്തടികളുടെ പുറംഭാഗത്തെ വെള്ളയും തൊലിയും ചെത്തിമാറ്റി കാതൽ മാത്രം വേർതിരിച്ചെടുക്കുന്ന പണിയാണ് എറിക്കൽ. മര ഉരുപ്പടികൾ ചിതൽ പിടിക്കാതെയും കേടുപാടുകൾ കൂടാതെയും ദീർഘകാലം നിലനിൽക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. നിലവിൽ തൃക്കരിപ്പൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരപ്പുര നിർമ്മാണത്തിനായുള്ള പഴക്കമേറിയ പ്ലാവിൻ തടികൾ ഒരുക്കുന്ന തിരക്കിലാണ് 78 കാരൻ നാരായണൻ.
ആദ്യകാലത്ത് തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന നാരായണൻ പിന്നീട് തോണി നിർമ്മാണത്തിലേക്ക് തിരിഞ്ഞു. മരത്തടികൾ അകവും പുറവും കൊത്തിയെടുത്ത് തോണികൾ നിർമ്മിച്ചിരുന്ന കാലത്ത് അദ്ദേഹം ഈ മേഖലയിൽ സജീവമായിരുന്നു. എന്നാൽ ഫൈബർ വള്ളങ്ങളുടെ കടന്നുവരവോടെ തോണിപ്പണി നിലച്ചു. തുടർന്നാണ് കഴിഞ്ഞ മുപ്പത് വർഷമായി അദ്ദേഹം മരം എറിക്കൽ ജോലി ഏറ്റെടുത്തു തുടങ്ങിയത്.
അമിതമായ ശാരീരിക അധ്വാനം ആവശ്യമുള്ളതിനാൽ പുതിയ തലമുറ ഈ തൊഴിൽ ചെയ്യാൻ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ തൃക്കരിപ്പൂരിലെ മരമില്ലുകളിലും ക്ഷേത്രങ്ങളിലും ഇദ്ദേഹത്തിന് ഇന്നും പണിയൊഴിഞ്ഞ നേരവുമില്ല. പ്രായത്തിന്റെ അവശതകളില്ലാതെ, കഠിനമായ തടികളിൽ മഴു ഏന്തി കാതൽ തേടുന്ന നാരായണേട്ടൻ അധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഉത്തമ ഉദാഹരണമാണ്