തൃശ്ശൂരിൽ മാത്രമല്ല അങ്ങ് കാസർകോടും ഉണ്ട് പുലികളി. തൃശൂരിൽ ഓണത്തിന് ആണെങ്കിൽ, കാസർകോട് നവരാത്രിക്കാണ് പുലികൾ ഇറങ്ങുന്നത്. രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളാണ് കാസർകോട്ട് പുലികൾക്ക് ഉള്ളത്. നവരാത്രി മുതൽ വിജയദശമി വരെയാണ് കാസർകോട്ടും, കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിലും പുലിയിറങ്ങുന്നത്. തൃശ്ശൂരിലെ കുടവയറൻ പുലികൾ പോലെയല്ല, നഗരത്തിൽ എവിടെയും ചാടി മറിയുന്ന നല്ല ആരോഗ്യമുള്ള പുലികൾ.
പുലി ദേവിയുടെ വാഹനമാണെന്ന വിശ്വാസത്തിൻറെ ഭാഗമായിട്ടാണ് നവരാത്രികാലത്ത് പുലി വേഷങ്ങൾ ഇറങ്ങുന്നത്. കൂടെ സിംഹവും കരടിയും ഒക്കെയുണ്ട്. തലയിലെ വമ്പൻ മുടിയാണ് പ്രധാന ആകർഷണം. മുഖംമൂടി ഇല്ലാതെ ചായങ്ങൾ മുതൽ ശരീര ഭാഷയും, വാദ്യ ഉപകരണങ്ങളും എല്ലാം തൃശൂർ പുലികളിയിൽ നിന്ന് വ്യത്യസ്തമാണ്. നിലത്തെറിയുന്ന നാരങ്ങയും പണവും കടിച്ചെടുത്തുള്ള നൃത്തവുമുണ്ട്.
വിജയദശമി ദിനത്തിൽ സമാപനം ആകുന്നത് വരെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പുലികൾ കയറിയിറങ്ങും. കർണാടകയിൽ നിന്നാണ് പുലി വേഷം കെട്ടുന്ന കൂടുതൽ ആളുകളും എത്താർ. ചായങ്ങൾ ഉൾപ്പെടെ ഒരു സംഘത്തിന് ലക്ഷങ്ങളാണ് ചെലവ്.