കാസർകോട് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ അരികെ അപകട ഭീഷണിയായി കെഎസ്ഇബി ട്രാൻസ്ഫോമർ. ദിവസേന 100 കണക്കിന് വിദ്യാർഥികൾ കടന്നുപോകുന്ന സർവീസ് റോഡിന് അരികെയാണ് സുരക്ഷിതമല്ലാതെ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ എതിർവശം രാഗം ജംഗ്ഷനിലെ സർവീസ് റോഡിലാണ് സുരക്ഷിതമല്ലാത്ത ട്രാൻസ്ഫോമർ സ്ഥിതിചെയ്യുന്നത്. ബസ് സ്റ്റാൻഡിന് അരികയായതിനാൽ ഇതുവഴി ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരുമാണ് കടന്നു പോകുന്നത്. സുരക്ഷാ വേലികൾ ഒന്നുമില്ലാത്തതിനാൽ ഒന്ന് വഴുതിയാൽ ട്രാൻസ്ഫോർമറിന്റെ കേബിളുകളിലേക്ക് ആകും കാൽനട യാത്രക്കാർ വീഴുക. വീതി കുറഞ്ഞ സർവീസ് റോഡിലൂടെ പോകുന്ന ബസ്സുകൾക്കും ട്രാൻസ്ഫോമർ ഭീഷണിയാണ്.
സുരക്ഷാ വേലികൾ ഇല്ലാതെ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉയർത്തുന്ന ഭീഷണി മുൻനിർത്തി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല ഇടപെടൽ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചെറിയൊരു തീപ്പൊരി പോലും അപകടമായേക്കാവുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.