കാസർകോട്ട് കുട്ടികളുടെ ജീവന് ഭീഷണിയായി അംഗൻവാടിക്ക് അരികെ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന കെട്ടിടം. തൃക്കരിപ്പൂർ തങ്കയം അംഗൻവാടി യാണ് അപകട ഭീഷണിയിൽ പ്രവർത്തിക്കുന്നത്. കുട്ടികൾ ഇരിക്കുന്ന അംഗൻവാടി കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലും.
തകർന്നു തുടങ്ങിയ പഴയ ബാലവാടി കെട്ടിടത്തോട് ചേർന്നാണ് നിലവിലെ അംഗൻവാടി പ്രവർത്തിക്കുന്നത്. രണ്ടായിരത്തിൽ പൂർത്തിയാക്കിയ കെട്ടിടം 25 വർഷം പിന്നിടുമ്പോൾ ആകെ ചോർന്നൊലിക്കുകയാണ്. അംഗൻവാടിയുമായി ചുമരു പങ്കിടുന്ന പഴയ കെട്ടിടമാകട്ടെ ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലും. മഴപെയ്താൽ നാലുഭാഗവും വെള്ളം നിറയുന്ന അംഗൻവാടിയിൽ കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് മടിയാണ്. കഴിഞ്ഞവർഷം 14 കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ, ഇത്തവണ അഞ്ചു പേർ മാത്രമാണ് പ്രവേശനം നേടിയത്. ഈ കുട്ടികൾ ആവട്ടെ അപകട ഭീഷണി മൂലം മിക്ക ദിവസങ്ങളിലും അംഗൻവാടിയിലേക്ക് വരാറില്ല.
ചോർച്ച കാരണം കെട്ടിടത്തിനകത്ത് വഴുതി വീഴാതിരിക്കാൻ തുണിയും ചാക്കും വിരിച്ചാണ് ജീവനക്കാർ നടക്കുന്നത്. മഴക്കാലത്ത് ശുചിമുറിയും ഉപയോഗിക്കാൻ പറ്റാതെയാകും. കെട്ടിടത്തിന് ഭീഷണിയായിരുന്നു വലിയ മരം മുറിച്ചു മാറ്റിയിട്ടും, വിൽപ്പന നടക്കാതെ കോമ്പൗണ്ടിൽ കിടക്കാൻ തുടങ്ങിയിട്ടും മാസങ്ങളായി.