അടിസ്ഥാനസൗകര്യ വികസനം അന്തിമഘട്ടത്തിലെത്തിയിട്ടും ചോർന്നൊലിക്കുന്ന പ്രധാന കെട്ടിടവുമായി കാസർകോട് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ. ടിക്കറ്റ് കൗണ്ടറും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തിക്കുന്നത് ചോരുന്ന കെട്ടിടത്തിലാണ്. പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ട് കാലങ്ങളായെങ്കിലും, തുറന്നുകൊടുക്കാൻ മാത്രം നടപടിയില്ല.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടത്തിലാണ് മഞ്ചേശ്വരത്തെ റെയിൽവേ സ്റ്റേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. മഴ ശക്തമായതോടെ ടിക്കറ്റ് കൗണ്ടറും, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടം ചോർന്നൊലിച്ച് തുടങ്ങി. ചോർച്ച ഒഴിവാക്കാൻ കെട്ടിടത്തിൻ്റെ മേൽക്കൂര ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാസങ്ങൾ മുമ്പ് പുതിയ കെട്ടിടത്തിലെ നിർമ്മാണം പൂർത്തിയായി. പക്ഷേ തുറന്നു കൊടുക്കാൻ മാത്രം തീരുമാനമില്ല. സ്റ്റേഷനിൽ പുതിയ സിഗ്നൽ കെട്ടിടം കൂടി നിർമിച്ചാൽ മാത്രമേ പഴയ കെട്ടിടം ഒഴിവാക്കാൻ പറ്റൂ. പക്ഷേ ഈ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ എത്ര കാലം കാത്തിരിക്കണമെന്നതാണ് യാത്രക്കാർ ചോദിക്കുന്നത്.
അതേസമയം സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലാണ് ഇരുവശങ്ങളിലും പ്ലാറ്റ് ഫോമിന്റെ നവീകരണ ജോലികൾ പൂർത്തിയായി. മുൻപ് ട്രാക്കിൽ നിന്ന് 50 സെൻറിമീറ്റർ ഉയരമുണ്ടായിരുന്ന പ്ലാറ്റ്ഫോം 85 സെന്റിമീറ്ററായി ഉയർത്തി കോൺക്രീറ്റ് ചെയ്തു. പടിഞ്ഞാറ് ഭാഗത്ത് പ്ലാറ്റ്ഫോമി നോടനുബന്ധിച്ച് ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതും യാത്രക്കാർക്ക് ഗു ണകരമാണ്. പക്ഷേ ചോർന്നൊലിക്കുന്ന കെട്ടിടം മാറ്റാൻ മാത്രം നടപടിയില്ല.