kumbla-panchayath

TOPICS COVERED

വിവാദങ്ങളിൽ ആടിയുലയുന്ന കാസർകോട് കുമ്പള ഗ്രാമപഞ്ചായത്തിനെതിരെ വീണ്ടും ആരോപണങ്ങൾ. പഞ്ചായത്ത് പ്രസിഡന്റിന്റെ  ഭർത്താവ് ഫയലുകൾ കൈകാര്യം ചെയ്യുന്നതും, പ്രാദേശിക പാർട്ടി നേതാവ് ക്ലർക്കിന്റെ കസേരയിൽ കയറിയിരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ പഞ്ചായത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പൊതുപ്രവർത്തകന്റെ ബിസിനസ് സംരംഭം പൂട്ടിക്കാൻ ക്വട്ടേഷൻ നൽകിയതിന്റെ ഓഡിയോ സന്ദേശവും മനോരമ ന്യൂസിന് ലഭിച്ചു.

30 വർഷമായി മുസ്ലിം ലീഗ് ഭരിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടത്. ഒരു വെയിറ്റിംഗ് ഷെഡിന് പത്തുലക്ഷം കണക്കാക്കി 39 ലക്ഷം ചെലവിൽ നാല് തട്ടിക്കൂട്ട് വെയിറ്റിംഗ് ഷെഡുകൾ നിർമ്മിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ ബില്ലുകൾ പരിശോധനയ്ക്ക് തടഞ്ഞുവച്ച സെക്രട്ടറിയെ ഓഫീസിൽ കയറി കരാറുകാരനും പ്രസിഡന്റിന്റെ ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തി. വിഷയത്തിൽ വിജിലൻസിൽ അടക്കം പരാതി നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പ്രതികാര നടപടി. ഡിവൈഎഫ്ഐ മേഖല ട്രഷറർ കെ.എം മുനീർൻ്റെ ബിസിനസ് സംരംഭം പൂട്ടിക്കാൻ എറണാകുളം ആസ്ഥാനമായ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിക്ക് വൻ തുക വാഗ്ദാനം ചെയ്തു. ഓൺലൈൻ ചാനലുകളെ ഉപയോഗിച്ച് തകർത്തുകളയും എന്നാണ് ഭീഷണി.

ടെൻഡർ വിളിക്കാതെ താല്പര്യ പത്രത്തിലൂടെ കരാർ നേടിയ പ്രസിഡന്റിന്റെ ഭർത്താവിന്റെ സുഹൃത്തായ കരാറുകാരൻ റഫീഖാണ് പിന്നിലെന്നാണ് ആരോപണം.അതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ഫയലുകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ പ്രാദേശിക പാർട്ടി നേതാവ് ക്ലർക്കിന്റെ കസേരയിൽ കയറിയിരുന്നു ഫയലുകൾ നീക്കിവെക്കുന്ന ദൃശ്യങ്ങളും. ഏതായാലും കുമ്പളയിൽ മുസ്ലിം ലീഗ് ഭരണസമിതിക്കെതിരെ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ.

ENGLISH SUMMARY:

Amid mounting controversies, new footage from Kumbla Panchayat in Kasaragod shows the panchayat president’s husband handling files and a party leader occupying the clerk’s seat, triggering concerns over administrative malpractice.