അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ കാസർകോട് റെയിൽവേ സ്റ്റേഷനും നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാത വീണ്ടും തകർന്നു. അറ്റകുറ്റപ്പണി നടത്തുന്നതിന് മുമ്പ് ഉണ്ടായിരുന്നതിലും കൂടുതൽ കുഴികളാണ് ഇപ്പോൾ റോഡിൽ. ഈ കുഴിമൂലം ഗതാഗതക്കുരുക്കിൽ തിങ്ങിഞെരിയുകയാണ് നഗരം.
കുഴി മൂലം ഗതാഗതക്കുരുക്കിൽ ഞെരിഞ്ഞമർന്ന യാത്രക്കാർ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാകുമ്പോൾ ആശ്വാസമാകും എന്ന് പ്രതീക്ഷിച്ചു. എന്നാൽ ആ ആശ്വാസം റോഡ് തുറന്ന് ഒരാഴ്ച നീണ്ടില്ല. മുൻപത്തേതിലും ഇരട്ടി കുഴികൾ. കുഴികൾ എണ്ണിയെണ്ണി ആടിയുലഞ്ഞ് യാത്ര. കെഎസ്ആർടിസി ബസ്റ്റാൻഡ് മുതലുള്ള മേഖലയിൽ വൻ ഗതാഗതക്കുരുക്കും. നഗരത്തിലെ മറ്റു പ്രശ്നങ്ങളിൽ ഇടപെടേണ്ട നാലു പൊലീസുകാർ ഒരേസമയം ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ മാത്രമായി വേണം. ഇല്ലെങ്കിൽ ഇതുവഴി ഒരു വാഹനവും മുന്നോട്ട് നീങ്ങില്ല.
പാതയ്ക്ക് ഇരുവശത്തും സ്ഥലം ഏറ്റെടുത്ത് ഡ്രൈനേജ് നിർമ്മിച്ച ബിഎംബിസി ടാറിങ്ങിനാണ് കരാർ നൽകിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങേണ്ട നിർമ്മാണ പ്രവർത്തികൾ വാട്ടർ അതോറിറ്റി പൈപ്പിടൽ മൂലം വൈകി. മേയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുത്തി ഒന്നാം ലെയർ ടാറിങ് ആരംഭിച്ചപ്പോഴേക്കും മഴയെത്തി, അറ്റകുറ്റപ്പണി മുടങ്ങി. ഒരാഴ്ചക്കകം ആദ്യ ലയർ മുഴുവൻ ഇളക്കി. മുൻപത്തേതിലും രൂക്ഷമായ അവസ്ഥ. മഴ മാറിയാൽ മാത്രമേ ടാറിങ് പൂർത്തിയാക്കാൻ ആകുമെന്നാണ് കരാറുകാരൻ പറയുന്നത്. അതായത് ഈ മഴക്കാലം കുഴിയിലൂടെ ചാടി ഇറങ്ങി, ഗതാഗതക്കുരുക്കിൽ തിങ്ങി അമരാനാണ് നാട്ടുകാരുടെ വിധി.