കാസർകോട് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സെല്‍ മീറ്റിങ് കൂടിയിട്ട് രണ്ടര വർഷം. മന്ത്രി മുഹമ്മദ് റിയാസിന് ചുമതല ലഭിച്ച ശേഷം ഒരു തവണ മാത്രമാണ് മീറ്റിങ് കൂടിയത്. ദേശീയപാത തകർച്ചയ്ക്ക് മുൻപ് ഇടയ്ക്കിടെ ജില്ലയില്‍ വന്നിരുന്ന മന്ത്രിക്ക് സമയമില്ലാത്തതിനാല്‍, ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന വേദിയാണ് ഇല്ലാതായത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കേരളം മറന്നിട്ട് കുറച്ച് കാലങ്ങളായി. ആ മറവി സെല്‍ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനും ബാധിച്ചു. രണ്ടര വർഷമായി സെൽ മീറ്റിങ് കൂടിയിട്ട്. മംഗലാപുരത്ത് ദുരിതബാധിതർക്ക് ചികിത്സ നല്‍കിയിരുന്ന ആശുപത്രികള്‍ അത് നിറുത്തി. മുന്‍പുണ്ടായിരുന്ന ആംബുലന്‍സ് സൗകര്യം ഇല്ലാതെയായി. പെന്‍ഷന്‍ ഇടയ്ക്കിടെ മുടങ്ങുന്നു. അടുത്തക്കാലത്തൊന്നും പുതിയ ക്യാമ്പുകൾ നടത്തിയിട്ടില്ല. പുനരധിവാസവും അനിശ്ചിതത്വത്തില്‍. ഈ പ്രശ്നങ്ങള്‍ സർക്കാരിന് മുന്നിലെത്തിക്കാനുളള വേദിയാണ് സെല്‍ മീറ്റിങ്.
മീറ്റിങില്‍ നിന്ന് നേരിട്ട് നടപടികള്‍ സ്വീകരിക്കാനാകില്ല. പക്ഷേ നിർദ്ദേശങ്ങൾ കൃത്യമായി മന്ത്രിസഭ യോഗത്തിലുന്നയിക്കാന്‍ മന്ത്രിക്കാകുമായിരുന്നു. ഒപ്പം ജനങ്ങള്‍ക്ക് അവരെ കേള്‍ക്കുന്നുവെന്ന ആശ്വാസവും. റിയാസിന് മുന്‍പ് ചുമതലയിലുണ്ടായിരുന്നവരെല്ലാം രണ്ട് മാസത്തില്‍ ഒരിക്കല്‍ മീറ്റിങ് നടത്തിയിരുന്നു. ദേശീയപാത തകർച്ചയ്ക്ക് മുൻപ് ഇടയ്ക്കിടെ ജില്ലയില്‍ വന്നിരുന്ന മന്ത്രി സെല്‍ യോഗത്തിലേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. റോഡ് തകരാന്‍ തുടങ്ങിയതോടെ ജില്ലയിലേക്കെ തിരിഞ്ഞ് നോക്കുന്നില്ല.