കാസർകോട് ബേവിഞ്ചയിൽ മൂന്നാഴ്ച മുമ്പ് ദേശീയപാത സംരക്ഷണഭിത്തി തകർന്നതോടെ റോഡിൽ ഇറങ്ങാൻ വഴിയില്ലാതെ ജനങ്ങൾ. ഒരു വർഷം മുമ്പ് സംരക്ഷണ ഭിത്തിയുടെ മറ്റൊരു ഭാഗം ഇടിഞ്ഞതോടെ ഭാഗികമായി മാത്രമായിരുന്നു ഗതാഗതം. തകർന്ന സംരക്ഷണഭിത്തിക്ക് മുകളിലൂടെ കുട്ടികൾ ഉൾപ്പെടെ സാഹസികയാത്രയാണ് നടത്തുന്നത്.
മൂന്നാഴ്ച മുമ്പാണ് ന്യൂ ബേവിഞ്ചയിൽ ദേശീയപാത സംരക്ഷണഭിത്തി തകർന്നുവീണത്. ഇതോടെ റോഡിനു മുകളിലെ നിരവധി വീടുകൾ അപകട ഭീഷണിയിലായി. ആകെ ഉണ്ടായിരുന്ന പൊതുവഴിയും ഇല്ലാതായി. ഒരു വർഷം മുമ്പാണ് മറ്റൊരു ഭാഗം തകർന്നുവീണത്. ഇതോടെ ആ വശത്തുകൂടി വാഹനങ്ങൾ പ്രദേശത്തെ വീടുകളിലേക്ക് വരാതെയായി. റോഡിൻറെ മറുഭാഗവും സ്വകാര്യവ്യക്തിയുടെ വഴിയും ഉപയോഗിച്ചായിരുന്നു സഞ്ചാരം. ഇപ്പോൾ ആ ഏക മാർഗ്ഗവും ഇല്ലാതെയായി.
മുമ്പ് മണ്ണിടിഞ്ഞപ്പോൾ രാത്രിയുടെ മറവിൽ റോഡ് ഇല്ലാതെ സിമൻറ് പൂശി നിർമ്മാണ കമ്പനി കടന്ന് കളഞ്ഞു. ഒന്ന് കാല് തെറ്റിയാൽ താഴ്ച്ചയിലേക്ക് പതിക്കുന്ന ഈ ചെറു വഴിയിലൂടെയാണ് കുട്ടികൾ ഉൾപ്പെടെ നടന്ന് നീങ്ങുന്നത്. റോഡിടിയുന്നതിന് മുമ്പ് മാറ്റാൻ ആകാത്തതിനാൽ സ്ഥലത്ത് പെട്ടുപോയ വാഹനങ്ങളുമുണ്ട്. വീടുകളുടെ തറയിൽ വീണ്ടും വിള്ളൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. എത്രയും വേഗം കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് പ്രദേശത്തെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.