സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും എൽഡിഎഫിന് ആശ്വാസമായി കാസർകോട്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും 2020ലെ അതേ ഫലമാണ് ഈ തവണ ഉണ്ടായത്. അതേസമയം ആറു പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണവും നഷ്ടമായി. അതിനിടെ ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ തിങ്കളാഴ്ച റീക്കൗണ്ടിംഗ് നടക്കും.
കാസർകോട് ജില്ലാ പഞ്ചായത്തും, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളും നാല് ബ്ലോക്ക് പഞ്ചായത്തുകളും നിലനിർത്തിയതാണ് എൽഡിഎഫിന് ആകെയുള്ള ആശ്വാസം. 2020ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്റെ പിന്തുണയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരിച്ചതെങ്കിൽ ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. ആകെയുള്ള 18 സീറ്റിൽ 9 സീറ്റ് എൽഡിഎഫും, 8 യുഡിഎഫും, ഒരു ഡിവിഷൻ എൻഡിഎയും നേടി. 2020 ൽ എൻഡിഎക്കൊപ്പം നിന്ന പുത്തിഗെ ഡിവിഷൻ ഇത്തവണ യുഡിഎഫിനെ തുണച്ചു. യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടന്ന കാഞ്ഞങ്ങാട് നഗരസഭ എൽഡിഎഫ് നിലനിർത്തി. കാസർകോട് യുഡിഎഫും നീലേശ്വരം എൽഡിഎഫും നിലനിർത്തി. കാഞ്ഞങ്ങാട് , കാസർഗോഡ് നഗരസഭകളിൽ എൻഡിഎക്ക് രണ്ടു വീതം സീറ്റുകൾ നഷ്ടമായി.
ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ 18 പഞ്ചായത്തുകളിൽ ഭരണം പിടിച്ച് യുഡിഎഫ് കരുത്തുകാട്ടി. യുഡിഎഫിൽ നിന്ന് കുമ്പഡാജെ പിടിച്ചെടുത്തതോടെ മൂന്ന് പഞ്ചായത്തുകൾ എൻഡിഎയ്ക്കൊപ്പം നിന്നു. ബിജെപിക്ക് മേൽക്കയുള്ള ബെള്ളൂർ ഉൾപ്പെടെ പുല്ലൂർ പെരിയ, പുത്തിഗെ , ബദിയടുക്ക പഞ്ചായത്തുകൾ ഭരണം ആർക്കെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.