ഉത്തര കേരളത്തിലെ തെയ്യം കെട്ടുല്‍സവത്തിന് സമാപനം കുറിച്ച് കാസർകോട് അള്ളട ദേശത്തെ കളിയാട്ടങ്ങൾക്ക് പരിസമാപ്തി. മന്നൻ പുറത്തുകാവിൽ അണിനിരന്ന തിരുമുടികൾക്ക് സാക്ഷിയാകാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
അള്ളട നാട്ടിൽ തുലാം പത്ത് മുതല്‍ ആറ് മാസക്കാലം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ തെയ്യങ്ങള്‍ പള്ളിയറകളിലേക്ക് മടങ്ങി. മന്നന്‍പുറത്ത് കാവ് ക്ഷേത്രത്തിലെ കലശോത്സവ സമാപനദിനവം അരങ്ങിലെത്തിയ കാവിലമ്മ, നടയില്‍ ഭഗവതി, ക്ഷേത്ര പാലകന്‍ എന്നീ തെയ്യങ്ങളുടെ അനുഗ്രഹം ഏറ്റു വാങ്ങാന്‍ നാനാദിക്കില്‍ നിന്നുമായി ആയിരങ്ങളാണ് എത്തിയത്. ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മത്സ്യക്കോവ ആര്‍പ്പുവിളികളോടെ ക്ഷേത്രത്തിലെത്തിച്ചു.
പ്രസന്ന പൂജ കഴിഞ്ഞ് എറുവാട്ടച്ഛന്‍ നാളികേരമുടച്ചതോടെയാണ് തെയ്യങ്ങള്‍ അരങ്ങിലെത്തിയത്. തെക്കു-വടക്ക് കളരികളില്‍ നിന്നുള്ള അലങ്കരിച്ച കലശകുംഭത്തിന്റെ അകമ്പടിയില്‍ തെയ്യങ്ങള്‍ ക്ഷേത്രത്തില്‍ വലം വെക്കുന്നതാണ് പ്രധാന ചടങ്ങ്. ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ ശേഷം തെയ്യങ്ങളുടെ തിരുമുടി താഴ്ന്നു. ഇതോടെ മറ്റൊരു തെയ്യാട്ടക്കാലത്തിന് കൂടി സമാപനമായി. അടുത്ത തുലാം പത്തുവരെ ഉത്തര കേരളത്തിലെ കളിയാട്ടക്കാവുകള്‍ക്ക് വിശ്രമകാലമാണ്.