വെള്ളം ലഭിക്കാതെ തന്നെ മീറ്റർവാടക നൽകേണ്ട ഗതികേടിലാണ് കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗവ്വേനി നിവാസികൾ. കൃത്യമായ പഠനം നടത്താതെ ശുദ്ധജല വിതരണപദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.
എത്ര തിരിച്ചാലും പൈപ്പിൽ നിന്ന് കാറ്റാണ് വരുന്നത്. മൂന്ന് വർഷമായി ഇതുതന്നെയാണ് അവസ്ഥ. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് വാട്ടർ അതോറിറ്റി 15 വീടുകളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചത്. കുറച്ചു ദിവസം വെള്ളം ലഭിച്ചു. പിന്നെ കാറ്റ് മാത്രം. എന്നാൽ കൃത്യമായി ബില്ല് കിട്ടും.
പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. എല്ലാം ശരിയാക്കാം എന്ന മറുപടി മാത്രം ബാക്കി. തൊട്ടടുത്ത വീട്ടിലെ കുഴൽക്കിണറിൽ നിന്നാണ് ഈ കുടുംബങ്ങൾ വെള്ളം ശേഖരിക്കുന്നത്. വേനൽ രൂക്ഷമായാൽ വെള്ളത്തിനായി മറ്റ് മാർഗങ്ങൾ നോക്കണം. ബില്ല് മാത്രം തരുന്ന വാട്ടർ അതോറിറ്റി വെള്ളം തരുന്നതും കാത്തിരിക്കുകയാണിവർ.