aswas-building-kannur

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നിര്‍മിച്ച ‘ആശ്വാസ്’ വാടക വീട് ആര്‍ക്കും ആശ്വാസമേകാതെ കിടക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും വാടക വീട് തുറന്നുനല്‍കിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ആശുപത്രിയിലെത്തുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകേണ്ട കെട്ടിടം അനാഥമായി കിടക്കുന്നത്  ചോദ്യം ചെയ്യുകയാണ് നാട്ടുകാര്‍.

മെഡിക്കല്‍ കോളജില്‍ ദിവസേനയെത്തുന്നത് ആയിരങ്ങളാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാപ്പാര്‍ക്കാന്‍ നിര്‍മിച്ച കെട്ടിടം ആര്‍ക്കും ഗുണകരമാകാതെ വെറുതെ കിടക്കുകയാണ്. കുറഞ്ഞ ചിലവില്‍ തങ്ങാനുള്ള സൗകര്യമാണ് ആശ്വാസ് വീട്ടിലുള്ളത്. പരിയാരം ഗവ. മെഡിക്കൽ കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തില്‍ 106 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. . മുറികൾക്കും ഡോർമിറ്ററികൾക്കും പുറമെ ആവശ്യമായ ശൗചാലയ സൗകര്യങ്ങളുമുണ്ട്. ഇതൊന്നും ഇതുവരെയും ആര്‍ക്കും ഉപകാരപ്പെടുന്നില്ല. ആറുകോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം എന്ന് തുറക്കുമെന്ന കാത്തിരിപ്പിലാണ് ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമെന്ന് പൊതുപ്രവര്‍ത്തകന്‍ രമേശൻ ചെങ്ങൂനി പറയുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഭവനനിർമാണ വകുപ്പിന് കീഴിലുള്ള കെട്ടിടം ഇതുവരെ മെഡിക്കൽ കോളജിന് കൈമാറിയിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

The 'Aashwas' rental stay facility, constructed at Kannur Pariyaram Medical College to accommodate patients and their bystanders, remains unopened seven months after its inauguration. Built at a cost of ₹6 crore on land owned by the Pariyaram Government Medical College, the building features rooms, dormitories, and toilet facilities capable of accommodating 106 people. Despite daily footfalls of thousands of visitors from Kannur and Kasaragod districts needing low-cost shelter, the structure remains abandoned and is allegedly becoming a hub for anti-social elements. Medical college authorities explained that the Housing Department, which constructed the building, has not yet officially handed over the premises to the institution.