കണ്ണൂർ കോർപ്പറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിങ്ങിന്റെ റാക്ക് തകർന്നു . റാക്കില്‍ വാഹനമില്ലാത്തപ്പോഴാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് റാക്ക് വീണതെന്ന് മേയര്‍ പറഞ്ഞു. പാര്‍ക്കിങ് കേന്ദ്രത്തിനെതിരെ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

ജവഹര്‍ സ്റ്റേഡിയത്തിനടുത്തുള്ള വലിയ പാര്‍ക്കിങ് കേന്ദ്രത്തില്‍ നാല് ദിവസം മുമ്പാണ് ഉയരത്തിലുള്ള റാക്ക് താഴേക്ക് ചരിഞ്ഞ് തൂങ്ങിയത്. ഭാഗ്യവശാല്‍ നിലത്തെത്തിയില്ല. നാല് ദിവസമായി റാക്ക് പുനസ്ഥാപിച്ചിട്ടില്ല. അറ്റകുറ്റപ്പണിക്കിടെ പറ്റിയ പിഴവെന്നാണ് കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നത്. മോട്ടോര്‍ തകരാറാണ് കാരണമെന്നും ഉടന്‍ ശരിയാക്കുമെന്നും നിര്‍മാണ കമ്പനി ജീവനക്കാര്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതാണ് കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം. എന്നാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ഏറെ നാള്‍ അടഞ്ഞുകിടന്നു. അറ്റകുറ്റപ്പണി നടത്തി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തുറന്നത്. അപ്പോഴും വാഹനങ്ങള്‍ കയറുന്നത് നന്നേ കുറവ്. പലയിടത്തായി തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മാണത്തില്‍ അഴിമതി ആരോപണമടക്കം ഉയര്‍ന്നിരുന്ന പാര്‍ക്കിങ് കേന്ദ്രത്തിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പുതിയ സംഭവവും കോര്‍പ്പറേഷനെതിരെ പ്രതിപക്ഷത്തിന് പിടിവള്ളിയായി മാറി.

ENGLISH SUMMARY:

Kannur Corporation parking collapse of the multilevel car parking rack has sparked fresh controversy and corruption allegations against the local body. The incident occurred during maintenance work when the upper tier tilted dangerously, highlighting previous structural concerns and low public usage since its inauguration.