കണ്ണൂർ കോർപ്പറേഷന്റെ ദസറ സമാപനത്തിലെ ഡ്രോൺ ഷോ പാളി എന്ന് വ്യാപക വിമർശനം. വിവിധ ജില്ലകളിൽ നിന്ന് പ്രമോഷൻ വീഡിയോകൾ കണ്ട് ഒഴുകിയെത്തിയ ജനം ഡ്രോൺ ഷോ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് കുറ്റപ്പെടുത്തിയാണ് മടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി ട്രോളുകൾ ഉയർന്നു.. എന്നാൽ ഓവർ ഹൈപ്പ് നൽകിയത് വ്ളോഗർമാരാണ് എന്നാണ് മേയറുടെ മറുപടി. ഡ്രോൺ ഷോയ്ക്ക് 20 ലക്ഷം രൂപ ചിലവിട്ടതിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

ബുധനാഴ്ച രാത്രിയായിരുന്നു കണ്ണൂർ ദസറയുടെ സമാപനം. മെഗാ ഡ്രോൺ ഷോ യാണ് സമാപനത്തിന്റെ ഹൈലൈറ്റ് എന്നായിരുന്നു കോർപ്പറേഷൻ തന്നെ പ്രചരിപ്പിച്ചത്. വ്ളോഗർമാരുടെ സഹായത്തോടെ പ്രമോഷൻ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. .. മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന സംഘമാണ് കണ്ണൂരിലും സംഘടിപ്പിക്കുന്നത് എന്നാണ് കോർപ്പറേഷൻ അവകാശപ്പെട്ടിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ ഷോ പ്രതീക്ഷിച്ച് സമീപ ജില്ലകളിൽ നിന്ന് വരെ ആളുകൾ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രണം വിട്ടു. എന്നാൽ കാഴ്ചക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഡ്രോൺ പ്രകടനം ഉയർന്നതുമില്ല. ഷോയ്ക്ക് ഉണ്ടായത് 500 ഡ്രോണുകൾ മാത്രം  സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത് വ്യാപകമായ പരിഹാസം. 

അമിത തിരക്ക് പ്രതീക്ഷിച്ചില്ല എന്നാണ് മേയറുടെ മറുപടി. അമിത പ്രതീക്ഷ കൊടുത്തത് വ്ളോഗർമാരെന്നും പഴി. നാട്ടുകാർക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമാപണവും. ദസറ നടത്തിപ്പിനെ പിന്തുണച്ചിരുന്ന പ്രതിപക്ഷം ഡ്രോൺ ഷോ പാളിയതോടെ ഭരണസമിതിക്കെതിരെ രംഗത്തുവന്നു. കോർപ്പറേഷൻ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തിയത്. 10 ദിവസം നടന്ന പരിപാടിയുടെ പൊലിമ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എന്നും 20 ലക്ഷം രൂപ ചിലവിട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വികെ പ്രകാശിനി.

ENGLISH SUMMARY:

Kannur Dussehra drone show controversy sparked widespread criticism after the Rs 20 lakh mega event failed to meet public expectations. The Kannur Corporation mayor blamed vloggers for overhyping the show, while the opposition demanded a detailed investigation.