കണ്ണൂര് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തനടുത്ത് കാടുപിടിച്ചുകിടന്ന സ്ഥലത്തെ മണ്ണ് നീക്കിയപ്പോള് കണ്ടത് ഒരു അടിത്തറ. പുരാണകാലത്ത് ആയുധ പരിശീലന കുഴിക്കളരിയുടേതാണ് ഈ അടിത്തറ എന്നാണ് നിലവിലെ അനുമാനം. പുരാണകാലത്ത് ഇത്തരമൊരു കളരിയുണ്ടായിരുന്നതായി നാട്ടുകാര്ക്ക് കേട്ടുകേൾവിയുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്തിയിരുന്നില്ല.
പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില് ദിവസങ്ങള്ക്കു മുമ്പാണ് കാടുവെട്ടിത്തെളിച്ച് മണ്ണു മാന്തിയത്. ക്ഷേത്ര വികസനത്തിന്റെ ഭാഗമായായിരുന്നു ഈ ജോലികള്. അങ്ങനെ മണ്ണുമാന്തിയപ്പോഴാണ് പണ്ട് പറഞ്ഞുകേട്ടറിവ് മാത്രമുള്ള അടിത്തറയ്ക്ക് സാമ്യമുള്ള തറ കാണുന്നത്. 42 അടി നീളവും 21 അടി വീതിയുമുള്ള അടിത്തറ പുരാണകാലത്ത് ആയുധ കുഴിക്കളരി പരിശീലിപ്പിച്ച സ്ഥലമെന്നാണ് കരുതപ്പെടുന്നത്. ലക്ഷ്മീപുരം എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് സുബ്രഹ്മണ്യനും പരശുരാമനും ചേർന്ന് ആയുധ പരിശീലനം നടത്തിയിരുന്നെന്നും അഗസ്ത്യൻ അതിന്റെ വായ്ത്താരികൾ ചൊല്ലിക്കൊടുത്തെന്നും കേരള മാഹാത്മ്യം എന്ന കൃതിയിൽ പരാമർശമുണ്ടെന്ന് ക്ഷേത്രം തന്ത്രി പുടയൂര് ജയനാരായണൻ നമ്പൂതിരി .
പുരാണകാലത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിലാണ് കളരിയുണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്. മതില് പില്കാലത്ത് തകര്ന്നുപോയിരിക്കാമെന്നും കരുതപ്പെടുന്നു. മതിലിന്റെ ചില അവശിഷ്ടങ്ങള് ഇപ്പോള് കണ്ടെത്തിയതിലുണ്ട്. കോലത്തിരി രാജവംശത്തിന്റെ ക്ഷയത്തിനുശേഷം ചിറക്കൽ രാജവംശവുമായി ക്ഷേത്രത്തെച്ചൊല്ലി തർക്കമുണ്ടാവുകയും ക്ഷേത്രസംരക്ഷണത്തിനായി പോരാളികൾക്ക് കളരികളിൽ ആയുധ പരിശീലനം നൽകിയിരുന്നതായി കേട്ടറിവുണ്ടെന്നുമാണ് ദേവസ്വവും പറയുന്നത്.