നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി, മൊബൈൽ ഫോൺ മാറ്റിവച്ച്, പുസ്തകത്താൾ അടച്ചുവച്ച് അവർ വയനാടൻ മണ്ണിന്‍റെ മണവും കാർഷിക സംസ്കാരവും തൊട്ടറിഞ്ഞൊരു യാത്ര. ബെംഗളൂരുവിലെ വിബ്ജിയോർ സ്കൂളിലെ കുട്ടികളാണ് വയനാട് ചേകാടിയിലെ നെൽപ്പാടങ്ങളിൽ ഇറങ്ങി കളപറിച്ചും ആദിവാസി കലകൾ ആസ്വദിച്ചും വേറിട്ടൊരു പഠനയാത്ര നടത്തിയത്. 

പച്ചപ്പുനിറഞ്ഞ വയനാടൻ ഗ്രാമഭംഗിയിലേക്ക് ഇങ്ങനെയൊരു വരവ് ഇവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. മണ്ണിലേക്കും കാർഷിക സംസ്കാരത്തിലേക്കും ഇറങ്ങിച്ചെന്നതിന്‍റെ അമ്പരപ്പും സന്തോഷവുമാണ് കുട്ടികളുടെ മുഖങ്ങളിൽ. സ്കൂളിന്‍റെ 'സേവ' പ്രോഗ്രാമിന്‍റെ ഭാഗമായാണ് ബെംഗളൂരു വിബ്ജിയോർ സ്കൂളിലെ ഈ വിദ്യാർത്ഥി സംഘം ചേകാടിയിലെത്തിയത്. വയനാടൻ കാർഷിക രീതികൾ കണ്ടു പഠിക്കാൻ ചേകാടിയിലെ കർഷകൻ അജയന്‍റെ ഫാമിലെത്തിയ കുട്ടികൾ, മടികൂടാതെ പാടത്തിറങ്ങി പരമ്പരാഗത രീതിയിൽ നെൽപ്പാടങ്ങളിലെ കളകൾ പറിച്ച് തുടങ്ങി. മണ്ണിന്‍റെ മണവും കർഷകന്‍റെ വിയർപ്പും നേരിട്ടറിഞ്ഞ നിമിഷങ്ങൾ. ഗ്രാമഭംഗി കണ്ട് കണ്ണുതള്ളി പാടത്തുകൂടെ നടന്ന കുട്ടികൾക്ക് മുന്നിലേക്ക് എത്തിയത് തനത് ആദിവാസി കലാരൂപങ്ങളുടെ താളമായിരുന്നു. തുടി കൊട്ടിപ്പാടിയ പാട്ടുകൾക്ക് ഒപ്പം ചുവടുവച്ചതോടെ ഭാഷയുടെയും നാടിന്റെയും അതിർവരമ്പുകൾ അലിഞ്ഞുപോയി.

മുൻ വർഷങ്ങളിൽ കർണാടകയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ യാത്ര, ഇത്തവണയാണ് ആദ്യമായി കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. 'ഫ്യുവൽ ലൈഫ് എക്സ്പ്ലോറേഴ്സ്' ആണ് കുട്ടികൾക്ക് പ്രകൃതിയെയും കൃഷിയെയും അടുത്തറിയാനുള്ള ഈ അനുഭവം ഒരുക്കിയത്. ചേകാടിയുടെ കർഷകൻ അജയേട്ടനും ചേർന്നതോടെ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി. മൊബൈൽ ഫോൺ സ്ക്രീനുകളിൽ മാത്രം ലോകം കണ്ടിരുന്ന പുതുതലമുറയ്ക്ക് മണ്ണും മനസ്സും കീഴടക്കിയ ഈ ചേകാടി അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പാഠമാണ്.

ENGLISH SUMMARY:

Wayanad Chekadi paddy fields trip offers students from Vibgyor School Bangalore an unforgettable immersive experience in traditional agriculture and tribal culture. This unique educational journey connects the younger generation with nature, moving away from digital screens to explore rural Kerala.