പത്തനംതിട്ട പ്ലാച്ചേരിയിലെ കൗതുകക്കാഴ്ചയാണ് ചൂല് കച്ചവടം. പൂന്തോട്ടം പോലെ ചൂലുകൾ പ്രദർശിപ്പിച്ചാണ് കച്ചവടം. ഈ ഭംഗി കണ്ടാണ് കൂടുതൽ ആൾക്കാരും വാഹനം നിർത്തുന്നതും ചൂലുകൾ വിറ്റഴിയുന്നതും. പുനലൂർ മൂവാറ്റുപുഴ റോഡിൽ പ്ലാച്ചേരി എത്തുമ്പോൾ ആരായാലും ഒന്നു നോക്കും. വലിയപൂക്കൾ പോലെ അലങ്കരിച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ചൂലിന്‍റെ കൂട്ടം. 

ആ നോട്ടം യാത്രക്കാരെ ആകർഷിക്കും. പ്ലാച്ചേരിയിൽ വഴിയരികിൽ ചൂല് വിൽക്കുന്ന ആൻസിക്കും ശരണിനും പിന്നെ അത് തകർത്ത് കച്ചവടമാകും.. അലങ്കാരമാണ് ആൾക്കാരെ ആകർഷിക്കുന്നത് എന്ന് വിൽപനക്കാർ. ഇന്തോനേഷ്യൻ പനയുടെ ഈർക്കിൽ കൊണ്ടുള്ള ചൂലാണ് പ്രധാന വിൽപന. ഈർക്കിൽ ചൂലുപോലെ പെട്ടെന്ന് ഒടിയില്ല എന്ന് ഇവർ പറയുന്നു. പുൽച്ചൂലുപൊലെ പൊടിഞ്ഞു വീഴാത്ത പനയോലച്ചൂൽ. ജനലിലെ മാറാല അടിക്കാവുന്ന കുറ്റിച്ചൂൽ അങ്ങനെ പലതരം ചൂലുകളുടെ കച്ചവടമാണ്.

പ്ലാച്ചേരിക്കു പുറമേ പുനലൂരിലും വിൽപനയുണ്ട്. ആൾക്കാർ വാഹനം നിർത്തിയാൽ അപകടമില്ലാത്ത, ദൂരെനിന്നേ കാണാവുന്ന സ്ഥലമാണ് വിൽപനയ്ക്ക് തിരഞ്ഞെടുത്തത്. ഒപ്പം വാഹനം നിർത്താൻ സ്ഥലം ഉള്ള ഇടവും. ചെന്നൈയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവന്ന് പത്തനംതിട്ടയിലാണ് ചൂല് നിർമാണം. 9 വർഷമായി ചൂലുകളുടെ ഉൽപാദനവും വിൽപനയുമുണ്ട്. കടകളിൽ കൊടുത്തതിന്‍റെ പണം കൃത്യമായി കിട്ടാതെ വന്നതോടെയാണ് നേരിട്ട് വിൽക്കാൻ റോഡിലേക്കിറങ്ങിയത്. ദിവസം 500 ചൂലുവരെ പോകുന്നുണ്ട് എന്ന് വിൽപനക്കാർ പറയുന്നു. 

 

ENGLISH SUMMARY:

unique and colorful roadside broom business in Placheri, Pathanamthitta, where vendors Ansy and Sharan attract travelers with beautifully displayed Indonesian palm brooms.