കണ്ണൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സര്‍ക്കാര്‍. ആയിരത്തോളം ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വൈകുന്നതിനിടെയാണ് ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇത് ധനവിതരണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, പകരം ജോലിക്ക് ഹാജരാകേണ്ടത് എവിടെയെന്ന് അറിയാതെ അനിശ്ചിതത്വത്തിലാണ് ഉദ്യോഗസ്ഥര്‍
മട്ടന്നൂര്‍ റവന്യൂ ടവറിലാണ് സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസ്. പുതുപുത്തന്‍ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങളായതേയുള്ളൂ.. എന്നാല്‍ കഴിഞ്ഞ മാസം ആറിന് വന്ന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സെപ്തംബര്‍ 30ന് ഓഫിസ് പൂട്ടാനാണ്. പണി മതിയാക്കാന്‍ സര്‍ക്കാര്‍ പറയുമ്പോള്‍ ഇവിടെ ജോലി ചെയ്തുവന്ന ഉദ്യോഗസ്ഥരെ പകരം വിന്യസിക്കേണ്ടത് എവിടേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലയില്‍ മാറ്റി നിയമിക്കാനുള്ള ഒഴിവുകളുമില്ല. പലര്‍ക്കും വിരമിക്കാന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സാങ്കേതികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച ഓഫിസില്‍ ദിവസവും ഉദ്യോഗസ്ഥര്‍ വരുന്നുവെന്ന് മാത്രം. പ്രവര്‍ത്തിക്കാത്ത ഓഫീസില്‍ ഹാജരില്‍ ഒപ്പുവെക്കാന്‍ പറ്റാത്തതിനാല്‍ ഈ ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുമോ എന്നും ആശങ്ക. ഓഫിസില്‍ താല്‍കാലിക ജോലി ചെയ്തുവന്നവരും ജോലിപോയ അവസ്ഥയില്‍. എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമിവിട്ടു നല്‍കിയവര്‍ നഷ്ചപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഏത് ഓഫിസില്‍ കയറിച്ചെല്ലുമെന്നതിലും അനിശ്ചിതത്വം
ഉദ്യോഗസ്ഥരെ മാറ്റി വിന്യസിക്കുന്നത് മാത്രമല്ല. ഓഫിസിലെ കെട്ടുകണക്കിന് ഫയല്‍ എങ്ങോട്ട് മാറ്റണമെന്നതിലും വ്യക്തതയില്ല. ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ ഹാജരാക്കേണ്ട ഫയലുകളും ഈ ഓഫിസിലാണ്. അതിനാല്‍ കേസുകളുടെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലായി. ഓഫിസ് ഇതേപടി നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥ സംഘടനകളില്‍ നിന്നുയരുന്നത്. അതേസമയം, വൈകാതെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ മറുപടി