കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിന് സമീപം ജനവാസ മേഖലയില്‍ സാനിറ്ററി മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനത്തെയും ജന ജീവിതത്തെയും മാലിന്യ കേന്ദ്രം സാരമായി ബാധിക്കുമെന്നാണ് ആശങ്ക. പാരിസ്ഥിതിക ഭീഷണി ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരിയാരം ഔഷധിയുടെ 50 സെന്റ് ഭൂമിയിലാണ് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കാൻ തീരുമാനമായത്. ഇതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. നിര്‍ദിഷ്ട പ്ലാന്‍റിനടുത്ത് ഒട്ടേറെ വീടുകളും, ഹോസ്റ്റലുകളുമുണ്ട്. കൂടാതെ കണ്ണൂര്‍ മെഡിക്കല്‍ കോളജും ആയുര്‍വേദ മെഡിക്കല്‍ കോളജും.
കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഭൂമിയില്‍ മാലിന്യ കേന്ദ്രം സ്ഥാപിച്ചാല്‍ പ്രദേശത്തെ നീര്‍ച്ചാലുകളെ ബാധിക്കുമെന്നാണ് പരാതി. നീര്‍ച്ചാലുകളുടെ ഉല്‍ഭവകേന്ദ്രത്തിന് സമീപമാണ് നിര്‍ദിഷ്ട പ്ലാന്‍റ്. ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്. ജനവാസമില്ലാത്ത പ്രദേശത്ത് മാലിന്യ പ്ലാന്‍റ് നിര്‍മിക്കണമെന്നാണ് ആവശ്യം.