കാലവർഷക്കെടുതിയിൽ കണ്ണൂര്‍ ഉദയഗിരി ഗ്രാമ പഞ്ചായത്തിലുണ്ടായത് വന്‍ നാശം. ചെറുതും വലുതുമായി 26 ഉരുള്‍പൊട്ടലുണ്ടായെന്നാണ് കണക്ക്. 38 റോഡുകളാണ് തകർന്നത്. തൊണ്ണൂറോളം വീടുകളും തകര്‍ന്നു. കോടികളുടെ നാശമുണ്ടായിട്ടും ഉദയഗിരിയ്ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കണ്ണൂരിലെ മലയോര ഗ്രാമം കാലവര്‍ഷക്കെടുതിയില്‍ വലയുകയാണ്. ദുരിതപ്പെയ്ത്തില്‍ സര്‍വതും നശിച്ചു. ജില്ലാ ആസ്ഥാനത്തു നിന്നു  70 കിലോമീറ്റർ അകലെയുള്ള ഉദയഗിരിയിലെ നാശത്തിന്‍റെ വ്യാപ്തി വേണ്ടവിധം പുറംലോകത്തെത്തിയിരുന്നില്ല. താബോർ തൊണ്ടൻ കുന്നിലാണ് ഏറ്റവും വലിയ ഉരുൾപൊട്ടൽ. താളിപ്പാറ, മുണ്ടേരിത്തട്ട്, ജോസ്ഗിരി, ശാന്തിപുരം, ഉദയപുരം തുടങ്ങി പതിനെടട്ടിടങ്ങളില്‍ ആയിരങ്ങളെ ദുരിതം ബാധിച്ചു. കാർത്തികപുരം - ഉദയഗിരി - താളിപ്പാറ റോഡ്, താബോർ - ചെറുപുഴ മെക്കാഡം റോഡുൾപ്പെടെ 38 റോഡുകളാണ് തകർന്നത്. ഉരുൾവെള്ളത്തിൽ ഒഴുകിയെത്തിയ ചെളിയും കല്ലും മരത്തടികളും കാരണം ഗതാഗതം തടസപ്പെട്ട റോഡുകള്‍ വേറെ. 

പറയൻകുഴി പാലം, തടത്തേൽ പടി പാലം, ആലുംമൂട്ടിൽ പടി പാലം, ഇരട്ട പാലം തുടങ്ങി ഏഴ് പാലങ്ങള്‍ തകര്‍ന്നു. കാര്‍ത്തികപുരം സ്കൂളിന്‍റെ ശുചിമുറി കെട്ടിടവും തകര്‍ന്നു. നാൽപതിലേറെ ഹൈടെന്‍ഷന്‍ വൈദ്യുതി തൂണുകൾ നശിച്ചു. വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. നാളിതുവരെ കാണാത്ത പ്രകൃതിക്ഷോഭത്തില്‍ വിറങ്ങലിച്ച മലയോര ജനത സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ കാത്തിരിക്കുകയാണ്. കളക്ടറുൾപ്പെടെ ഉന്നതരായ ഭരണാധികാരികളാരും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ശക്തം. എഡിഎം, പൊതുമരാമത്ത് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിവിധ ദുരിത ബാധിതപ്രദേശങ്ങൾ സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്. 100 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയോഗം സർക്കാരിനോടാവശ്യപ്പെട്ടു.

ENGLISH SUMMARY:

Kannur landslide devastation has struck Udayagiri Grama Panchayat, with 26 landslides causing extensive damage to 38 roads and around 90 houses. Despite widespread destruction amounting to crores, Udayagiri is reportedly not receiving adequate attention, leading to criticism about the government's response.