കണ്ണൂർ തലശ്ശേരിയിൽ വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ ആളുകൾ രംഗത്ത്. സെക്രട്ടറി ഓഫിസ് പൂട്ടി മുങ്ങിയതോടെയാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തായത്.
വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുൻസിപ്പൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘവുമായി ബന്ധപ്പെട്ടാണ് പരാതി.
നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ സെക്രട്ടറി ഓഫീസ് പൂട്ടി മുങ്ങി. വ്യാജ രസീത് ഉപയോഗിച്ച് സഹകരണ സംഘം സെക്രട്ടറി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റിന്‍റെ പരാതി.
കോടികളുടെ തട്ടിപ്പ് തട്ടിപ്പ് നടന്നെങ്കിലും എത്ര പണം നഷ്ടമായെന്ന് കണ്ടെത്താനായിട്ടില്ല. സെക്രട്ടറിക്കെതിരെ സഹകരണ സംഘം ഭാരവാഹികൾ അസി. റജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.