തലശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നിവേദനം. UDF തലശേരി മണ്ഡലം കമ്മിറ്റിയും IMAയുമാണ് മന്ത്രി സണ്ണി ജോസഫിന് അപേക്ഷ നല്‍കിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ വിഭജിച്ച് തലശേരി ജില്ല രൂപീകരിക്കുന്നതിലൂടെ കൂടുതല്‍ വികസനം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

ചരിത്രത്തിന്‍റെ ഭാഗമായ തലശേരിയാണ് വടകരയേക്കാള്‍ ജില്ലാ ആസ്ഥാനമായി വികസിപ്പിക്കാന്‍ ഏറ്റവും നല്ലതെന്നാണ് യുഡിഎഫ് തലശേരി മണ്ഡലം കമ്മിറ്റിയുടെ നിലപാട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തലശേരി താലൂക്കുകളും കോഴിക്കോട്ടെ വടകര താലൂക്കും ചേര്‍ന്ന് പുതിയ ജില്ല വേണമെന്നാണ് ആവശ്യം. പേരാവൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി, നാദാപുരം, വടകര നിയമസഭാ മണ്ഡലങ്ങള്‍ ജില്ലാ പരിധിയില്‍ വരണം. മൂന്ന് താലൂക്കുകളിലായി 16 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന ഇടമെന്നതാണ് പ്രധാന സവിശേഷത. പുതിയ സെന്‍സസ് പ്രകാരം തലശേരിയില്‍ മാത്രം പത്ത് ലക്ഷത്തിന് മുകളില്‍ വരും ജനസംഖ്യയെന്നാണ് കണക്കുകൂട്ടല്‍.

മിനി സിവില്‍ സ്റ്റേഷന്‍, ജില്ലാ കോടതി, സബ് കലക്ടര്‍ ഓഫീസ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇപ്പോള്‍ തന്നെ തലശേരിയിലുണ്ട്. ഇത് നിര്‍ദിഷ്ട ജില്ലയ്ക്ക് ഗുണകരമെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. പൈതൃക നഗരമായ തലശേരിയുടെയും കൊട്ടിയൂര്‍ തീര്‍ഥാടന കേന്ദ്രത്തിന്‍റെയുമടക്കം ധാരാളം വികസന പ്രവര്‍ത്തികള്‍ക്ക് തലശേരി ജില്ല രൂപീകരിച്ചാല്‍ കാരണമാകുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലുണ്ട്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്‍റെ മണ്ഡലം കൂടി നിര്‍ദിഷ്ട ജില്ലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കള്‍. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയും തലശേരിയില്‍ നിന്ന് സ്പീക്കറുമുണ്ടായപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ല വിഭജിക്കാന്‍ മുന്‍കൈയ്യെടുത്തിട്ടില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.