കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ കേസില്‍ ഒന്നാം പ്രതി ഡോ. റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെ മൂന്നംഗ സംഘം ദിവസങ്ങളായി തെലങ്കാനയില്‍ അന്വേഷണം നടത്തിയിട്ടും റാമിന്‍റെ പൊടിപോലും കണ്ടെത്താനായില്ല.  ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനാല്‍ രാജ്യംവിടില്ലെന്ന ഉറപ്പിലാണ് അന്വേഷണ സംഘം.

ഏപ്രില്‍ പത്തിന് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ജീവനൊടുക്കിയതിന് പിന്നാലെ മുങ്ങിയതാണ് അധ്യാപകനായ ഡോ. റാം. പിന്നീടിതുവരെ പൊലീസിന് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല റാമിനെ. ദിവസങ്ങള്‍ കഴിഞ്ഞാണ് റാമിനെതിരെ പൊലീസ് കേസെടുത്തത് പോലും. ആദ്യം ചക്കരക്കല്‍ പൊലീസും പിന്നീട് എസ്ഐടിയും അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്‍റെ കൈകളിലാണ്. ക്ലാസില്‍ നിരന്തരം വിദ്യാര്‍ഥികള്‍ക്ക് നേരെ മോശം പദങ്ങളുപയോഗിച്ചിരുന്ന അധ്യാപകന്‍ ഒളിവുസങ്കേതങ്ങളിലാണെന്നാണ് വിവരം. ആദ്യം കര്‍ണാടകയിലേക്കും പിന്നീട് തെലങ്കാനയിലേക്കുമായിരുന്നു ഇയാള്‍ മുങ്ങിയത്. ഇപ്പോള്‍ എവിടെയെന്ന് ഒരു വിവരവുമില്ല. ഫോണ്‍ നമ്പര്‍ സ്വിച്ച്ഡ് ഓഫ്. തെലങ്കാനയിലെ റാമിന്‍റെ വീട്ടിലെത്തി ഭാര്യയെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ റാം കീഴടങ്ങുമെന്ന് ക്രൈംബ്രാഞ്ച് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ദിവസങ്ങളായി തെലങ്കാനയില്‍ അന്വേഷണം തുടരുകയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍.

നാട്ടില്‍ ഡോ. റാമിന് വലിയ സ്വീകാര്യതയുണ്ടെന്നും ആരും ക്രൈംബ്രാഞ്ചിനെ സഹായിക്കുന്നില്ലെന്നുമാണ് വിശദീകരണം. തെലങ്കാന പൊലീസും വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു. റാമിന്‍റെ സഹോദരന്‍ തെലുഗുദേശം പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണെന്നും അതിനാല്‍ റാമിന് സംരക്ഷണം കിട്ടുന്നുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കരുതുന്നത്. കേസിലെ മറ്റു പ്രതികളായ ലോണ്‍ ആപ്പ് സംഘത്തെ നോയിഡയിലെ താവളത്തില്‍ പോയി പൊക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ റാമിനെ കണ്ടെത്താനാകാതെ വിയര്‍ക്കുകയാണ് തെലങ്കാനയില്‍.