വായനയെ പ്രണയിച്ച് തൊണ്ണൂറ്റിയഞ്ചും പിന്നിട്ട് ഒരു മുത്തശ്ശി. കണ്ണൂർ കരിവെള്ളൂരിലെ ലക്ഷ്മിയമ്മയുടെ കൂട്ടുകാര്‍ പുസ്തകങ്ങളാണ്. അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ നാള്‍ മുതലുള്ളതാണ് ആ ചങ്ങാത്തം.
തെക്കെ മണക്കാട്ടെ ലക്ഷ്മിയമ്മയ്ക്ക് പുസ്തകമെന്ന് കേട്ടാല്‍ പിന്നെ അതുമതി. വായനയോളം ആനന്ദം മറ്റൊന്നില്ല. വായനയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല.. മണലില്‍ അക്ഷരം എഴുതിപ്പഠിച്ച തലമുറയിലെ അംഗമാണ് ലക്ഷമിയമ്മ. ആറാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം.പക്ഷേ, അതിലേറെ അറിവുകള്‍ വായനയിലൂടെ നേടിക്കഴിഞ്ഞു ഈ മുതുമുത്തശ്ശി. നടക്കാന്‍ പരസഹായം വേണമെങ്കിലും വായിക്കാന്‍ ആരുടെയും സഹായം വേണ്ട.
കുഞ്ഞുനാളില്‍ കൃഷ്ണപ്പാട്ടും, ഭാഗവതവും, രാമായണവും വായിച്ചു തുടങ്ങിയതാണ്. വിവാഹ ശേഷവും വായനക്ക് മുടക്കം വന്നില്ല. വായനാപ്രേമത്തിന് ഭര്‍ത്താവിന്‍റെ പിന്തുണ കൂടിയായപ്പോള്‍ ആവേശം കൂടിക്കൂടി വന്നു. ഇന്നും അതിനൊരു ഒരു കുറവുമില്ല. വായിക്കാന്‍ ഈ പ്രായത്തിലും കണ്ണട വേണ്ട അമ്മയ്ക്ക്.
നിറംമങ്ങാത്ത ഓർമ്മകളും വറ്റാത്ത വായനാവിശേഷങ്ങളും കൈമുതലായുള്ള ഈ മുത്തശ്ശിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയും പാഠവുമാണ്.