• ഫോൺ പിടിച്ചുവാങ്ങിയതിനെ തുടർന്ന് നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടിയുള്ള അന്വേഷണം ഒരാഴ്ച പിന്നിടുന്നു; ഇതുവരെ ഒരു തുമ്പും കിട്ടിയില്ല!

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഒരാഴ്ചയായിട്ടും എങ്ങുമെത്തിയില്ല. ഒരു തുമ്പും കിട്ടാത്തതിനാൽ പൊലീസും ആശയക്കുഴപ്പത്തിലാണ്. പാലക്കാട് ഒറ്റപ്പാലത്ത് വച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പെരിങ്ങത്തൂരിൽ നിന്നുതന്നെ വീണ്ടും അന്വേഷണം ആരംഭിച്ചു. 

അടുത്തുള്ള സിസിടിവി ക്യാമറകൾ പലതവണ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് പറയുന്നുണ്ട്. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പൊലീസുമാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച ദൈവത്തോട് അലിയുമെന്നും കത്തെഴുതി വച്ചായിരുന്നു വീട് വിട്ടിറങ്ങിയത്.

എട്ടാം തീയതി മുതലാണ് കുട്ടിയെ കാണാതായത്. കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്ഥിരമായി കളിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗെയിമിങ് പതിവായതിനെ തുടർന്നാണ് കുട്ടിയുടെ കയ്യിൽ നിന്ന് ഫോണ്‍ വാങ്ങി വയ്ക്കുന്നത്. മാത്രമല്ല, ഗെയിമിങ്ങിലൂടെ കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.  ഫോണ്‍ പിടിച്ചുവാങ്ങിയതിനു ശേഷമാണ് കുട്ടി കത്ത് എഴുതി വെച്ച് വീട് വിടുന്നത്. സംഭവം നടക്കുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല, എല്ലാവരും പുറത്തു പോയിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ച കുട്ടിക്ക് അച്ഛൻ മാത്രമേ ഉള്ളൂ.

ENGLISH SUMMARY:

A week-long search by Kerala Police for missing Plus Two student Shivasurya from Peringathur, Kannur, has yielded no concrete leads, leaving investigators baffled. Police verified that a reported sighting of the boy in Ottapalam, Palakkad, was false, prompting them to restart the search from Peringathur. The student left home after his father confiscated his mobile phone due to his severe online gaming addiction and financial losses incurred through the app. Before leaving, Shivasurya left a handwritten note stating he was heading to Kashi to dedicate his life to God.